കൊച്ചി: ബാര്‍ കോഴയിലും സോളാര്‍ കേസിലും നടത്തിയ വിധിന്യായങ്ങളെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളുടെ പേരില്‍ സ്വയം വിരമിക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി എസ്.എസ്. വാസന് നല്കിയ അപേക്ഷ ഹൈക്കോടതി ഭരണ സമതിക്ക് വിട്ടു. ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ് ഉള്‍പ്പെടെയുള്ള ഭരണസമതിയായിരിക്കും ഇനി ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക.
ബാര്‍ കോഴക്കേസില്‍ കെ. ബാബുവിനെതിരേ അന്വേഷണം നടത്താനുളള ഉത്തരവും സോളാര്‍ കേസില്‍ സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും ആര്യാടന് മുഹമ്മദിനും എതിരെ അന്വേഷണം നടത്തണമെന്ന ഉത്തരവുമാണ് വിവാദമായത്. ഉത്തരവിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ ജഡ്ജിക്കെതിരേ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ഇത് കൂടാതെ ഹൈക്കോടതി രണ്ട് ഉത്തരവുകളും സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് വാസന് സ്വയം വിരമിക്കാനുള്ള അപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്‍കിയത്.
2017 മെയ് 31 വരെ സര്‍വ്വീസ് ബാക്കി നില്‍ക്കെയാണ് വിരമിക്കാന്‍ എസ്.എസ് വാസന് അപേക്ഷ നല്‍കിയത്.