കൊച്ചി: കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ ധരിപ്പിക്കാനും അനുകൂല തീരുമാനമെടുപ്പിക്കാനും ഡല്‍ഹിയിലേക്ക് നിവേദക സംഘത്തെ അയയ്ക്കുമെന്ന് ബിജെപി. കേരളത്തിന് ഉപകാരപ്രദമായ പല പദ്ധതികളോടും സംസ്ഥാന സര്‍ക്കാര്‍ മുഖം തിരിക്കുന്ന സാഹചര്യത്തിലാണ് നീക്കമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കൊച്ചിയില്‍ പറഞ്ഞു. വിമോചനയാത്രയുടെ ഭാഗമായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടുന്ന ഒരു പ്രതിനിധി സംഘമായിരിക്കും കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുക. കേരളത്തിന്റെ സമഗ്രപുരോഗതിക്കായി കര്‍മപദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് വേണ്ടിയാണിതെന്നും കുമ്മനം വിശദീകരിച്ചു. സംസ്ഥാനത്തിന് ഉപകാരപ്പെടുന്ന കേന്ദ്രപദ്ധതികളെ അവഗണിച്ച് കേന്ദ്രത്തിനെതിരെ ജനവികാരം ഉണര്‍ത്തിവിടാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു.
സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ രാഷ്ട്രീയം നോക്കാന്‍ പാടില്ല. കേരളത്തിന് കിട്ടേണ്ടതെല്ലാം നേടിയെടുക്കാന്‍ വേണ്ടിയാകണം ശ്രമിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്രമ രാഷ്ട്രീയത്തിലൂടെ അരാജകത്വം സൃഷ്ടിക്കാനാണ് സിപിഎം ശ്രമം. ഇതിന്റെ ഭാഗമായിട്ടാണ് കാലടിയില്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെയും തിരുവനന്തപുരത്ത് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാദ്ധ്യക്ഷന്‍ ടി.പി ശ്രീനിവാസന് നേരെയും അക്രമം നടത്തിയതെന്നും കുമ്മനം പറഞ്ഞു.
ഇടത്-വലതു പാര്‍ട്ടികള്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് നടത്തുന്നത്. ബിജെപിയെ അനുകൂലിക്കുന്നവരും ബിജെപിയെ എതിര്‍ക്കുന്നവരും തമ്മിലുളള മത്സരമാണ് കേരളത്തില്‍ വരാന്‍ പോകുന്നത്. ടി.പി ചന്ദ്രശേഖരന് വധം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എംപി നേതാവ് കെ.കെ രമ നല്കിയ കത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
പാര്‍ട്ടി വിട്ടുപോയ മുതിര്‍ന്ന നേതാക്കളും സാധാരണ പ്രവര്‍ത്തകരും ബിജെപിയെ ശക്തിപ്പെടുത്താന്‍ തിരിച്ചുവരണമെന്നും അങ്ങനെയെത്തുന്നവരുടെ ചുമതലകള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും കുമ്മനം പറഞ്ഞു.