കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ താലിബാന് ഭീകരര്‍ നടത്തിയ ചാവേറാക്രമണത്തില്‍ 10 പേര് കൊല്ലപ്പെട്ടു. 20 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാബൂളിലെ ഒരു ഓഫീസിലാണ് ഭീകരര്‍ ബോംബാക്രമണം നടത്തിയത്. ഓഫീസിലേക്ക് പ്രവേശിക്കുന്നതിനായി കാത്തുനിന്നവരുടെ ഇടയിലേക്ക് ചാവേര്‍ നുഴഞ്ഞുകയറിയാണ് പൊട്ടിത്തെറിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തിട്ടുണ്ട്.
യു.എസ് സഖ്യസേനയ്ക്ക് പിന്തുണ നല്കുന്ന കാബൂള്‍ സര്‍ക്കാരിനെ ലക്ഷ്യമിട്ട് ഇതുവരെ നിരവധി ചാവേറാക്രമണങ്ങള്‍ താലിബാന് നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ടവരില്‍ അധികവും സിവിലിയന്മാരാണെന്ന് കാബൂള്‍ പൊലീസ് മേധാവി അറിയിച്ചു. സ്ഫോടനത്തില്‍ 10 പേര് മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണമെങ്കിലും 40 പേര് മരിച്ചതായാണ് താലിബാന് അവകാശപ്പെടുന്നത്.