തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങല്‍ വക്കത്ത് പട്ടാപ്പകല്‍ യുവാവിനെ ഒരു സംഘം തല്ലിക്കൊന്നു. തൊപ്പിക്കല് വിളാകം റെയില്‍വെ ലെവല്‍ ക്രോസിനു സമീപത്ത് വെച്ചാണ് നാലംഗ സംഘം വക്കം സ്വദേശിയായ ഷബീര്‍ എന്ന 23 വയസുകാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. മുന്‍വൈരാഗ്യമാണ് ക്രുരമായ കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. മര്‍ദ്ദനത്തിനിടെ മൊബൈലില്‍ ഷൂട്ട് ചെയ്ത വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഷെബീറും അക്രമിസംഘവും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. നേരത്തെ ഷെബീറും സംഘവും ഇവരുടെ വീട് കയറി അക്രമം നടത്തിയിരുന്നതായും പറയപ്പെടുന്നു.
ബൈക്കില്‍ പോകുകയായിരുന്ന ഷെബീറിനെയും സുഹൃത്ത് ഉണ്ണികൃഷ്ണനെയും തടഞ്ഞുനിര്‍ത്തി സംഘം അക്രമിക്കുകയായിരുന്നു. കമ്പ് കൊണ്ടും ഇരുമ്പു വടികൊണ്ടുമാണ് അക്രമിച്ചത്. അവശനായി നിലത്തുവീണ ഷെബീറിനെ വീണ്ടും പ്രതികള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന ഷെബീര്‍ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഉണ്ണികൃഷ്ണന് ഗുരുതരാവസ്ഥയില്‍ ഇപ്പോഴും ചികിത്സയിലാണ്. പ്രതികളെ തിരിച്ചറിഞ്ഞതായും ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.