വാഷിംഗ്ടണ്‍: നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുളള റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുളള പ്രാഥമികഘട്ട വോട്ടെടുപ്പിന് ചൊവ്വാഴ്ച തുടക്കമാകും. പ്രാഥമിക ഘട്ടത്തിലെ ആദ്യ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച അയോവയില്‍ നടക്കും. ലോകത്തെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ രാഷ്ട്രം തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോള്‍ ഇനിയുളള 10 മാസം ആഗോള മാധ്യമങ്ങളുടെ ശ്രദ്ധ മുഴുവന്‍ അമേരിക്കന്‍ ഐക്യനാടുകളിലേക്കായിരിക്കും.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ െ്രെപമറിയാണ് അയോവയില്‍ നടക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായി ഡൊണാള്‍ഡ് ട്രംപും ടെഡ് ക്രൂസും തമ്മിലാണ് പ്രധാനമത്സരം. ഏറ്റവും ഒടുവില്‍ പുറത്തുവന്ന അഭിപ്രായ സര്‍വേകള്‍ തീവ്ര വലതുപക്ഷ നിലപാട് സ്വീകരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന് മുന്‍തൂക്കം നല്കുന്നു.
ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടും, മുസ്ലീങ്ങള്‍ക്കെതിരെയുളള പ്രസംഗവും അമേരിക്കന്‍ വോട്ടര്‍മാര്‍ക്കിടയില്‍ വ്യക്തമായ ധ്രുവികരണം ഉണ്ടാക്കിയതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം. പ്രൈമറിയില്‍ ഡെമോക്രാറ്റിക് ക്യാമ്പിലെ മുഖ്യ മത്സരം മുന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റനും വെര്‍മോണ്ട് സെനറ്റര്‍ ബെര്‍നി സാന്‍ഡേഴ്സും തമ്മിലാണ്.
ഇ മെയില്‍ വിവാദം അടക്കമുളള വിഷയങ്ങള്‍ ഹിലരിയുടെ സ്വീകാര്യതയില്‍ അല്‍പ്പം ഇടിവ് വരുത്തിയതായാണ് റിപ്പോര്‍ട്ട്. സോഷ്യലിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ബെര്‍നി സാന്‍ഡേഴ്സ് അഭിപ്രായ സര്‍വേകളില്‍ ഹിലരിക്ക് തൊട്ടുപിന്നിലുണ്ട്.