ചെന്നൈ: കനത്ത മഴയില്‍ വെള്ളപ്പൊക്കത്തിലകപ്പെട്ട ചെന്നൈയിലെ പ്രദേശങ്ങളില്‍ കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സന്ദര്‍ശനം നടത്തി. രണ്ടാഴ്ചയായി കരസേന ചെന്നൈയില്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്ക് അദ്ദേഹം നേരിട്ട് നേതൃത്വം നല്‍കുകയും ദുരിതബാധിതപ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തുകയും ചെയ്തു.
തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെടുന്നതുവരെ കരസേന ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ മെഡിക്കല്‍ സംഘത്തേയും എന്‍ജിനീയറിങ് സംഘത്തേയും ചെന്നൈയിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ താംബരം, ഊരപ്പാക്കം, മണിവാക്കം, മുടിച്ചൂര്‍ എന്നിവിടങ്ങളില്‍ കരസേനയുടെ 50 ഓളം സംഘങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലാണ്.
അതേസമയം, ഇന്നലെ വൈകീട്ടോടെ ശക്തമായ മഴയ്ക്ക് ശമനമായതോടെ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ഇന്ന് രാവിലെ മുതൽ പുനഃരാരംഭിക്കും. മദ്രാസ് കോര്‍പ്പറേഷന്റെ 65 ശതമാനം ബസുകളും സർവീസ് ആരംഭിച്ചിട്ടുണ്ട്.