കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഡ്വക്കേറ്റ് ജനറലും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടി. ആസിഫലിയുമായും കൂടിക്കാഴ്ച നടത്തി. നെടുമ്പാശേരി വിമാനത്താവളത്തിലായിരുന്നു കൂടിക്കാഴ്ച.
കോണ്‍ഗ്രസ് നേതാക്കളായ തമ്പാനൂര്‍ രവിയും ബെന്നി ബെഹനാനും നടത്തിയ സംഭാഷണങ്ങളുടെ ശബ്ദരേഖകള്‍ അടങ്ങുന്ന ഡിഡികള്‍ ഇന്നലെ സോളാര്‍ കമ്മീഷന് മുന്‍പാകെ സരിത നായര്‍ ഹാജരാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യവും ഉണ്ട്.
സരിത ഹാജരാക്കിയ തെളിവുകളെ നിയമപരമായി നേരിടുന്നതും ചര്‍ച്ചയില്‍ വിഷയമായി. ഒന്നര മണിക്കൂറോളം മൂവരും ചര്‍ച്ച നടത്തി. കഴിഞ്ഞ ദിവസവും ഇവരുമായി വിഷയത്തില്‍ മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. നേരത്തെ സരിത നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന് മുഹമ്മദിനുമെതിരേ അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഹൈക്കോടതി ഇത് തടയുകയായിരുന്നു. ഈ കേസിന്റെ തുടര്‍ നടപടികളും ചര്‍ച്ചയായതായാണ് സൂചന.
പ്രധാനമന്ത്രി പങ്കെടുക്കുന്ന ആയൂര്‍വ്വേദ കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കോഴിക്കോടേക്ക് പോകുന്നതിനിടെയാണ് മുഖ്യമന്ത്രി നെടുമ്പാശേരിയില്‍ അഡ്വക്കേറ്റ് ജനറലുമായും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായും ചര്‍ച്ച നടത്തിയത്. സരിത ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ രാജിക്കായി വിവിധ കോണുകളില്‍ നിന്നും ആവശ്യം ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്.