റിയാദ്: വിസ ഏജന്റിന്റെ തൊഴിൽ തട്ടിപ്പിന് വിധേയരായി സൗദിയിൽ 9 മലയാളികൾ കുടുങ്ങി കിടക്കുന്നു. ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് എത്തിയ ഇവർ ഇന്ന് താമസ സൗകര്യമോ ഭക്ഷണമോ ഇല്ലാതെ ബുദ്ധിമുട്ടുകയാണ്.
കഴിഞ്ഞ വർഷം മെയ് 15 ന് കൊച്ചിയിലെ ഹിവ ട്രാവൽസ് എന്ന കമ്പനിയുടെ ഏജന്റായ സിറാജ് വഴി ഡ്രൈവർ ജോലിക്കായി സൗദിയിൽ എത്തിയതായിരുന്നു ഇവർ. 1500 റിയാൽ ശമ്പളവും താമസ സൗകര്യവും ഭക്ഷണവും വാഗ്ദാനം ചെയ്ത ഇവർക്ക് ലഭിച്ചതാകട്ടെ 4 ഏക്കർ വരുന്ന സ്ഥലത്ത് വർക്ക് ഷോപ്പ് നിർമ്മിക്കാനുള്ള ജോലി ആയിരുന്നു.
തങ്ങളെ കബളിപ്പിക്കുകയായിരുന്നു എന്ന് മനസിലാക്കിയ ഇവർ പല തവണ പരാതി പറഞ്ഞെങ്കിലും പരിഹാരം ഉണ്ടായില്ലെന്ന് മാത്രമല്ല ശമ്പളം വെട്ടിച്ചുരുക്കലും ഭീഷണിയുമായിരുന്നു ഫലം. പരാതിക്കൊടുവിൽ ഹെവി വെഹിക്കിൾ ഓടിക്കാനുള്ള ലൈസൻസ് കിട്ടിയെങ്കിലും കേടായ വാഹനയും മറ്റും നല്കി തങ്ങളെ പലപ്പോഴും കഷ്ടപ്പെടുത്തുകയായിരുന്നു എന്നും ഇവർ ആരോപിക്കുന്നു.
യെമൻ അതിർത്തിയിലൂടെ വാഹനം കടന്നുപോകുമ്പോൾ പലപ്പോഴും ഷെൽ ആക്രമണങ്ങളിൽ നിന്നും ഇവർ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു എന്നും ഇവർ പറയുന്നു. നാട്ടിലെ ഇവരുടെ കുടുംബങ്ങൾ മുഖ്യമന്ത്രിയെ സമീപിച്ചെങ്കിലും കാര്യമായ നടപടികൾ ഒന്നും തന്നെ ഇതുവരെ ഉണ്ടായില്ല. സന്നദ്ധസംഘടനകളുടെ കനിവിൽ കഴിയുന്ന ഇവർ മുന്നോട്ടുള്ള ദിവസങ്ങൾ എങ്ങനെ തള്ളിനീക്കും എന്ന ആശങ്കയിലാണ്.