കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ മന്ത്രി കെ.സി ജോസഫ് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസിനെതിരേ ഫെയ്‌സ്ബുക്കിലൂടെ നടത്തിയ വിമര്‍ശനവുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരേ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതിയിലാണ് നടപടി.
വിഷയത്തില്‍ അഡ്വക്കേറ്റ് ജനറലിനോട് തുടര്‍ നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് മന്ത്രിയുടെ വിശദീകരണം തേടിയെങ്കിലും ഇത് ലഭിച്ചിരുന്നില്ല. ഇന്നലെ വൈകിട്ട് കോടതി ചേരുകയും വിഷയത്തില്‍ അഡ്വക്കേറ്റ് ജനറലിനോട് നിലപാട് അറിയിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിലും വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് ഇന്ന് കോടതി മന്ത്രിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസില്‍ നിന്നുണ്ടായ വീഴ്ചയെ കോടതി നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. ഈ മാസം 16 ന് നേരിട്ട് ഹാജരാകാനാണ് മന്ത്രിയോട് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പരാതിക്കാരനോ സാക്ഷിയോ വരണമെന്ന് കോടതി നിര്‍ബന്ധം പിടിക്കുന്നില്ലെന്നും എന്നാല്‍ ഇക്കാര്യത്തില്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് വീഴ്ച വരുത്തിയതായും കോടതി പറഞ്ഞു.
കെ.സി ജോസഫിനെതിരേ ക്രിമിനല്‍ നടപടിപ്രകാരം തുടര്‍ നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും കോടതി വ്യക്തമാക്കി.