ന്യൂഡല്‍ഹി: ഉഭയകക്ഷി സമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത കുറ്റകരമാണോ എന്ന വിഷയത്തില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് അന്തിമ വിധി പുറപ്പെടുവിക്കും. ഇക്കാര്യത്തില്‍ സമര്‍പ്പിച്ച എട്ട് തിരുത്തല്‍ ഹര്‍ജികളാണ് സുപ്രിംകോടതി ഭരണഘടന ബഞ്ചിന്റെ പരിഗണയ്ക്ക് കൈമാറിയത്.
സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റകൃത്യമാണെന്ന് വ്യക്തമാക്കുന്ന 2013 ലെ സുപ്രീംകോടതി വിധിക്കെതിരേ സമര്‍പ്പിച്ച ഹര്‍ജികള്‍ നേരത്തെ സുപ്രിംകോടതി തള്ളിയിരുന്നു. ഈ വിധിക്കെതിരേയാണ് സ്വവര്‍ഗാനുരാഗികളുടെ സംഘടനകളുടെ നേതൃത്വത്തില്‍ തിരുത്തല്‍ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടത്.
സ്വവര്‍ഗ ലൈംഗീകത കുറ്റകരമല്ലെന്ന് 2009 ല്‍ ഡല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു. ഇത് തള്ളിയാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. അസ്വാഭാവിക ലൈംഗീകത കുറ്റകൃത്യമാണെന്ന് വ്യക്തമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 377 കോടതി
ശരിവെയ്ക്കുകയും ചെയ്തിരുന്നു.
പ്രകൃതി വിരുദ്ധ ലൈംഗികത കുറ്റകരമാക്കുന്ന വകുപ്പ് നിലനിര്‍ത്തണോ എന്ന കാര്യം പാര്‍ലമെന്റിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കരുതെന്ന് ശശി തരൂര്‍ പാര്‍ലമെന്റില്‍ നിയമഭേഭഗതി നിര്‍ദ്ദേശം അവതരിപ്പിച്ചെങ്കിലും പാര്‍ലമെന്റ് തള്ളുകയായിരുന്നു. സ്വവര്‍ഗരതിക്കാരുടേയും ഭിന്നലിംഗക്കാരുടേയും സംഘടനയായ നാസ് ഫൗണ്ടേഷന് അടക്കം നല്കിയ എട്ട് പുനഃപരിശോധനാ ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ചുകള്‍ പരിഗണിക്കുന്നത്.