ഇസ്ലാമാബാദ്: പാക് അധീന കശ്മീരിലെ ഭീകര സംഘടനകൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പാകിസ്ഥാൻ പാർലമെന്‍ററി സമിതി റിപ്പോർട്ട്. ഭീകര സംഘടനകളെ സഹായിക്കുന്ന നടപടികളിൽ നിന്ന് പാകിസ്ഥാൻ സർക്കാർ പിന്തിരിയണമെന്നും സമിതിയുടെ റിപ്പോർട്ട് ആവശ്യപ്പെടുന്നു.
പഠാൻകോട് ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഭീകര സംഘടനകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാകിസ്ഥാനോട് ഭാരതം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാക് അധീന കശ്മീർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനകൾക്കെതിരെ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് പാകിസ്ഥാൻ പാർലമെന്‍റ് സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്.
അതിർത്തിയിലെ സമാധാനത്തിന് പാക് മണ്ണിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. ഇന്ത്യ – പാകിസ്ഥാൻ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് ശക്തമായ നടപടി അനിവാര്യമാണെന്നും പാർലമെന്‍റ് സ്റ്റാൻഡിംഗ് കമ്മിറ്റി പറയുന്നു. ഭരണകക്ഷിയായ പാകിസ്ഥാൻ മുസ്ലീം ലീഗിന്‍റെ വിദേശകാര്യ നയം പരിഗണിക്കുന്ന സമിതി കൂടിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
മുൻ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രികൂടിയായ അവൈസ് അഹ്മദ് ലെഹാരി ഉൾപ്പെട്ടതാണ് സമിതി. ഇന്ത്യ – പാകിസ്ഥാൻ ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കാനിരിക്കെ, ഭരണകക്ഷിയായ പാകിസ്ഥാൻ മുസ്ലീം ലീഗിന്‍റെ നിയമവിദഗ്‌ദ്ധർ ഉൾപ്പെട്ട സമിതിയുടെ റിപ്പോർട്ടിനെ ഏറെ പ്രാധാന്യത്തോടെയാണ് അന്താരാഷ്‌ട്ര സമൂഹം നോക്കിക്കാണുന്നത്.