തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനപ്രിയ തീരുമാനങ്ങളുമായി സര്‍ക്കാര്‍. സ്ത്രീ ശാക്തീകരണത്തിനായി ലോട്ടറി ആരംഭിക്കാനുള്ള തീരുമാനമുള്പ്പെടെയാണ് തെരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ എത്തി നില്‍ക്കെ മന്ത്രിസഭായോഗം കൈക്കൊണ്ടിരിക്കുന്നത്. ഇതിന് പുറമേ മത്സ്യത്തൊഴിലാളികള്‍ക്ക് വീട് വെയ്ക്കാന്‍ തുക വിനിയോഗിക്കാന്‍ അനുമതി നല്കിയതും വിവിധ മേഖലകളില്‍ ശമ്പള വര്‍ധനയും അടക്കമുള്ള തീരുമാനങ്ങളാണ് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ധനശ്രീ ലോട്ടറിയുടെ പേര് സ്ത്രീശക്തി എന്നാക്കി പരിഷ്കരിച്ച് 50 രൂപയ്ക്കായിരിക്കും വിപണിയില്‍ എത്തിക്കുക. നിലവില്‍ ധനശ്രീ ലോട്ടറിക്ക് 40 രൂപയാണ് വില. പ്രതിവര്‍ഷം 100 കോടി രൂപയാണ് ലോട്ടറി വില്പനയിലൂടെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന വരുമാനം. വിവാഹ ധനസഹായമടക്കം 9 മേഖലകളില്‍ സ്ത്രീകളെ സഹായിക്കുകയാണ് ലോട്ടറിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അര്‍ഹരായ പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സഹായം, അംഗവൈകല്യമുള്ളവര്‍ക്കും വിധവകള്‍ക്കും സഹായം തുടങ്ങിയവയും പദ്ധതിയില്‍ ഉള്‍പ്പെടും. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അരിവാള്‍ രോഗം ബാധിച്ച ആദിവാസികള്‍ക്ക് നല്‍കിവരുന്ന 2000 രൂപയുടെ പെന്ഷന് രോഗബാധിതരായ മറ്റുളളവര്‍ക്കും അനുവദിക്കും.
എന്‍ഡോസള്‍ഫാന്‍ ഇരയായ ശ്രുതിക്ക് ഹോമിയോ മെഡിക്കല്‍ ഡിഗ്രി കോഴ്സിനുള്ള പഠന സഹായമായി 4 ലക്ഷം രൂപ നല്കാന് മന്ത്രി സഭായോഗം തീരുമാനിച്ചു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അണ് എയ് ഡഡ് സ്പെഷ്യല്‍ സ്കൂളുകളില്‍ നൂറു കുട്ടികളില്‍ കൂടുതലുള്ളവയെ എയ്ഡഡ് സ്കൂളുകളാക്കാനും മന്ത്രിസഭ തീരുമാനിച്ചു. 33 സ്കൂളുകള്‍ക്കാണ് എയിഡഡ് പദവി നല്‍കുക.
50 കുട്ടികള്‍ ഉള്ള സ്പെഷല്‍ സ്കൂളുകളും എയ്ഡഡാക്കും. ഇതോടൊപ്പം പഞ്ചായത്ത് നിയന്ത്രണത്തിലുള്ള ബഡ് സ്കൂളുകളെ കൂടി എയിഡഡ് സ്കൂളുകളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തും. സര്‍ക്കാര്‍ സ്കൂളുകളോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പ്രീപ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.
ഭവനരഹിതരായ 700 മത്സ്യത്തൊഴിലാളികള്‍ക്ക് വീട് വെയ്ക്കുന്നതിന് 10 കോടി രൂപ വിനിയോഗിക്കാന്‍ ഫിഷറീസ് വകുപ്പിന് അനുമതി നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.