ന്യഡല്‍ഹി: വിഴിഞ്ഞം തുറമുഖ കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. പദ്ധതിക്കെതിരായ ഹര്‍ജികള്‍ ഹരിത ട്രിബ്യൂണലിന്റെ ഡല്‍ഹി ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. കേസുകളില്‍ ഇടപെടാന്‍ ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചിനാണ് അധികാരമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം തള്ളിയാണ് കോടതിയുടെ വിധി.
വിഴിഞ്ഞം പദ്ധതിയുടെ പരിസ്ഥിതി അനുമതിയും 2011 ലെ തീരദേശ മേഖലാ വിജ്ഞാപനം മൂലമുണ്ടായ പരിസ്ഥിതി പ്രശ്നങ്ങളും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കാനുള്ള ഹരിത കോടതി പ്രിന്‍സിപ്പല്‍ ബെഞ്ചിന്റെ തിരുമാനമാണ് സുപ്രിംകോടതി ശരിവച്ചത്. ചീഫ് ജസ്റ്റീസ് ടി.എസ് ഠാക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ട്രിബ്യൂണലിന്റെ ഡല്‍ഹി ബെഞ്ചിനോട് കേസുകള്‍ പരിഗണിക്കാന്‍ നിര്‍ദ്ദേശിച്ചത്. കേരള സര്‍ക്കാരോ തുറമുഖത്തിന്റെ നിര്‍മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്ന അദാനിയോ ഡല്‍ഹിയില്‍ കേസ് നടത്താന്‍ പണമില്ലാത്തവരല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേസില്‍ ആറാഴ്ചയ്ക്കകം വാദം പൂര്‍ത്തിയാക്കി അന്തിമവിധി പുറപ്പെടുവിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഹരിത ട്രിബ്യൂണലിലെ നടപടികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേയും കോടതി നീക്കി. എന്നാല്‍ ഹരിത ട്രിബ്യൂണലിന്റെ അന്തിമ തീരുമാനം വരുന്നത് വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗികരിക്കാന്‍ കോടതി തയ്യാറായില്ല. ഹരിത ട്രിബ്യൂണല്‍ എതിര് തിരുമാനം കൈക്കൊള്ളുന്നത് വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരാമെന്ന് കോടതി ഉത്തരവിട്ടു.