ചെന്നൈ: ആശങ്ക വിതച്ച് ചെന്നൈയില്‍ വീണ്ടും മഴ. വിമാനത്താവളത്തില്‍ നിന്നും സര്‍വ്വീസുകള്‍ പുനരാരംഭിക്കാനുള്ള ഒരുക്കത്തിനിടെ ആയിരുന്നു ഈ മേഖലയില്‍ ഉള്‍പ്പെടെ രാവിലെ മഴ വീണ്ടും ആശങ്ക വിതച്ചത്.
നാല് ദിവസങ്ങള്‍ക്ക് ശേഷം രാവിലെ 10 മണിയോടെ പോര്‍ട്ട് ബ്ലെയറിലേക്കുള്ള എയര്‍ ഇന്ത്യയുടെ ചാര്‍ട്ടേഡ് വിമാനം ചെന്നൈയില്‍ നിന്നും പറന്നുയര്‍ന്നു. 150 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് 1.30ന് ഡല്‍ഹിയില്‍ നിന്നുളള യാത്രാ വിമാനം ചെന്നൈയില്‍ ലാന്‍ഡ് ചെയ്യും. 2.30 ന് ഡല്‍ഹിയിലേക്കും 3.30 ന് ഹൈദരാബാദിലേക്കും എയര്‍ ഇന്ത്യ സര്‍വ്വീസ് നടത്തും.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം അടച്ചിടാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചത്. വിമാനത്താവളത്തിലെ റണ്‍വേ ഉള്‍പ്പെടെ വെള്ളക്കെട്ടില്‍ മുങ്ങിയതിനെ തുടര്‍ന്നായിരുന്നു ഇത്. സ്വകാര്യ വിമാനസര്‍വ്വീസ് കമ്പിനികളുടേത് അടക്കം 34 ഓളം വിമാനങ്ങള്‍ ഇവിടെ കുടുങ്ങുകയും ചെയ്തു.
സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ട്രെയിന്‍ ഗതാഗതവും ഭാഗീകമായി പുനസ്ഥാപിച്ചിട്ടുണ്ട്. ശ്രീപെരുമ്പതൂരും ആവടിയും തിരുമുള്ളൈവയലും അടക്കമുള്ള പ്രദേശങ്ങളില്‍ രാവിലെ 9.45 ഓടെ കനത്ത മഴ ഉണ്ടായി. നങ്കനല്ലൂര്‍, പെരുങ്കുടി, സാലിഗ്രാമം തുടങ്ങിയ സ്ഥലങ്ങളിലും മഴ പെയ്തു.
വെളാച്ചേരി മേഖലയില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയും റോഡുകള്‍ ഏറെക്കുറെ സഞ്ചാരയോഗ്യമാക്കുകയും ചെയ്തിട്ടുണ്ട്. ന്യൂനമര്‍ദ്ദം കന്യാകുമാരിക്കും ശ്രീലങ്കയ്ക്കും ഇടയില്‍ നീങ്ങിത്തുടങ്ങിയതായും അതുകൊണ്ട് തന്നെ തീരപ്രദേശങ്ങളില്‍ ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു.