ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്ക് പാരിസ്ഥിതിക അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിന് ദേശീയ ഹരിത ട്രിബ്യൂണലിന് ഏര്‍പ്പെടുത്തിയ സ്റ്റേ സുപ്രീം കോടതി നീക്കി. ഹരിത ട്രിബ്യൂണലിന്റെ തീരുമാനം വരുംവരെ തുറമുഖ നിര്‍മാണവുമായി മുന്നോട്ടുപോകാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പദ്ധതിക്കെതിരായ കേസുകളില്‍ ഇടപെടാന്‍ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചിനാണ് അധികാരമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം തള്ളിയാണ് സുപ്രീം കോടതിയുടെ നടപടി. ഡല്‍ഹി ബെഞ്ചിനോട് ഹര്‍ജികള്‍ പരിഗണിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു. ആറാഴ്ചയ്ക്കുള്ളില്‍ കേസില്‍ വാദം കേട്ടു വിധി പറയാനും ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കേസില്‍ ഇടക്കാല ഉത്തരവ് പാടില്ലെന്നും മുന്‍വിധികളോടെ കേസില്‍ വാദം കേള്‍ക്കരുതെന്നും ഹരിത ട്രിബ്യൂണലിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.