ബെംഗളൂരു : വടക്കൻ ബെംഗളൂരുവിൽ ടാൻസാനിയൻ യുവതിക്കെതിരെ നടന്ന ആക്രമണം നിസ്സാരവത്കരിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രി രംഗത്ത്. യുവതിയെ നഗ്നയാക്കുകയോ റോഡിലൂടെ നടത്തിക്കുകയോ ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര വ്യക്തമാക്കി.
ഇതൊരു വംശീയ ആക്രമണമല്ലെന്നും തൊട്ടു മുൻപ് നടന്ന സംഭവങ്ങളുടെ തുടർച്ചയാണെന്നും പരമേശ്വര പറഞ്ഞു. അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിവരം വിദേശ കാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും പരമേശ്വര വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവം അരങ്ങേറിയത് .ഒരു സുഡാൻ പൗരൻ ഓടിച്ച കാറിടിച്ച് പ്രദേശവാസിയായ വൃദ്ധ മരിച്ചതിനെത്തുടർന്നാണ് ആക്രമണം ഉണ്ടായത് . ഈ അപകടത്തെത്തുടർന്ന് തിങ്ങിക്കൂടിയ ജനങ്ങൾക്കിടയിലേക്ക് തന്റെ സഹപാഠികൾക്കൊപ്പം വാഗൺ ആർ കാറിലെത്തിയ യുവതിയെ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു . സുഡാൻ പൗരന്റെ സുഹൃത്താണെന്ന് തെറ്റിദ്ധരിച്ചാണ് അക്രമമുണ്ടായത് .
യുവതിയെ കാറിൽ നിന്ന് പിടിച്ചിറക്കുകയും വിവസ്ത്രയായി റോഡിലൂടെ നടത്തിക്കുകയും ചെയ്തു . ഇത് തടയാനെത്തിയ യുവതിയുടെ കൂട്ടുകാരേയും ഉപദ്രവിച്ചു. യുവതിയെ രക്ഷിക്കാൻ ശ്രമിച്ച തദ്ദേശവാസിക്കും മർദ്ദനമേറ്റു. അക്രമത്തിലവശയായ യുവതി അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും പരാതി സ്വീകരിക്കാൻ കൂട്ടാക്കിയില്ലെന്നും റിപ്പോർട്ടുകളുണ്ട്.