ഇസ്ലാമാബാദ് : പഠാൻകോട്ട് മാതൃകയിൽ ഇനിയും ആക്രമണമുണ്ടാകുമെന്ന് പാക് ഭീകര സംഘടനയായ ലഷ്കർരി തോയ്ബ നേതാവ് ഹാഫിസ് സയിദ്. പാക് അധീന കശ്മീരിൽ നടത്തിയ റാലിയിലാണ് സയദിന്റെ പ്രകോപനപരമായ പ്രസ്താവന.
പഠാൻകോട്ട് ഭീകരാക്രമണത്തിന് പിന്നിലെ ഹാഫിസ് സയിദിന്റെ പങ്കിനെക്കുറിച്ച് ഇന്ത്യ പാകിസ്ഥാന് തെളിവ് നൽകുകയും നടപടി ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലും പ്രകോപനപരമായ പ്രസ്താവനയുമായി ഹാഫിസ് സയിദ് പാകിസ്ഥാനിൽ സ്വൈര വിഹാരം നടത്തുകയാണ്. പാക് അധീന കശ്മീരിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുമ്പോളാണ് ഏഴ് ഇന്ത്യൻ സൈനികരുടെ ജീവൻ നഷ്ടമമായ പഠാൻ കോട്ട് ആക്രമണത്തെ സയീദ് പ്രശംസിച്ചത്.
പഠാൻ കോട്ട് ആക്രമണത്തിന്റെ മാതൃകയിൽ ഇനിയും ആക്രമണമുണ്ടാകുമെന്നും സയീദ് ഭീഷണി മുഴക്കി. കശ്മീരിന്റെ സ്വാതന്ത്ര്യമാണ് പരമമായ ലക്ഷ്യമെന്നും അത് സാധ്യമായാൽ പ്രശ്നങ്ങൾ അവസാനിക്കുമെന്നും സയീദ് പറയുന്നു. 166 പേർ കൊല്ലപ്പെട്ട മുബൈ ഭീകരാക്രമണ്ത്തിന്റെ മുഖ്യ സൂത്രധാരനാണ് ഹാഫീസ് സയീദ്. പഠാൻ കോട്ട് ആക്രമണത്തിന് ശേഷവും പ്രകോപനപരമായ പ്രസ്താവനകളുമായി സ്വൈര വിഹാരം നടത്താൻ സയീദിനെ പാകിസ്ഥാൻ അനുവദിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ പ്രതിഷധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
ഭീകരതയെ നേരിടുന്നതിൽ ആത്മാർത്ഥത കാണിക്കാൻ ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് കഴിഞ്ഞ ദിവസം പാകിസ്ഥാനോടാവശ്യപ്പെട്ടിരുന്നു.