NewsKerala

ബാര്‍ കോഴ: എസ്പി സുകേശനും ബിജു രമേശിനുമെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആരോപണം ഉന്നയിച്ച മദ്യവ്യവസായി ബിജു രമേശിനും കേസ് അന്വേഷിച്ച വിജിലന്‍സ് എസ്പി ആര്‍. സുകേശനുമെതിരേ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കേസുമായി ബന്ധപ്പെട്ട് ഇരുവരും ഗൂഢാലോചന നടത്തിയെന്ന ആരോപണമാണ് അന്വേഷിക്കുക. അതേസമയം കേസ് വഴിതിരിച്ചുവിടാനുള്ള സര്‍ക്കാര്‍ ശ്രമമാണ് പുതിയ നീക്കത്തിന് പിന്നിലെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

ബിജു രമേശ് ബാര്‍ ഉടമകളുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയില്‍ ഇത് സംബന്ധിച്ച സൂചനയുണ്ടെന്ന് വ്യക്തമാക്കി വിജിലന്‍സ്് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എസ്പി സുകേശന്‍ പറഞ്ഞത് അനുസരിച്ചാണ് താന്‍ മറ്റ് മന്ത്രിമാരുടെ പേരുകള്‍ പറഞ്ഞതെന്നും സുകേശനുമായി അടുത്ത ബന്ധമാണെന്നും ബിജു വ്യക്തമാക്കുന്നതായി ശങ്കര്‍ റെഡ്ഡി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

താന്‍ എന്ത് പറഞ്ഞാലും ചെയ്യുന്ന ആളാണ് അന്വേഷണ ഉദ്യോഗസ്ഥനെന്നും കെ.എം മാണിക്കെതിരേ കുറ്റപത്രം നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായും ബിജു രമേശ് പറയുന്നതായി ശങ്കര്‍ റെഡ്ഡി ചൂണ്ടിക്കാട്ടുന്നു. ഈ സംഭാഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഇരുവരും ഗൂഢാലോചന നടത്തിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ശങ്കര്‍ റെഡ്ഡി റിപ്പോര്‍ട്ട് നല്‍കിയത്. ഇത് പരിഗണിച്ചാണ് ആഭ്യന്തരമന്ത്രിയുടെ ഉത്തരവ്.

ബാര്‍ കോഴക്കേസിലെ രണ്ടാമത്തെ ക്രൈംബ്രാഞ്ച് അന്വേഷണമാണിത്. കെ.എം മാണിക്കെതിരായ ആരോപണവുമായി ബന്ധപ്പെട്ട വസ്തുതാ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ടായിരുന്നു നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close