ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു ഇസ്്ലാമിക് സ്റ്റേറ്റ് അനുഭാവി കൂടി പിടിയിലായി. ഹരിദ്വാറില്‍ കുംഭമേളയ്ക്കിടെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട നാല് ഭീകരര്‍ക്ക് സാമ്പത്തിക സഹായം എത്തിച്ചിരുന്ന മുഹസിന് ഇബ്രാഹിമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ ഇയാളെ പിടികൂടിയത്.
കുംഭമേളയക്കിടെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട 4 ഇസ്്ലാമിക് സ്റ്റേറ്റ് ഭീകരരെ കഴിഞ്ഞ മാസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തീര്‍ഥാടകര്‍ എത്തുന്ന ട്രെയിനുകള്‍ ഉള്‍പ്പെടെയായിരുന്നു ഇവര്‍ ലക്ഷ്യം വെച്ചത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മുഹസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാള്‍ക്കായി അന്വേഷണം നടത്തി വരികയായിരുന്നു.
ഡല്‍ഹിയിലെ സഹായികളെ കാണാനെത്തിയപ്പോഴായിരുന്നു ഇയാളെ പിടികൂടിയത്. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്. സിറിയയിലേക്ക് കടക്കാനും ഇയാള്‍ പദ്ധതിയിട്ടിരുന്നതായി ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ കമ്മീഷണര്‍ അരവിന്ദ് ദീപ് പറഞ്ഞു.
സിറിയയിലെ ഭീകരരുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായി ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും.