ന്യൂഡല്‍ഹി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ തെളിവുകള്‍ പരിശോധിക്കാന്‍ പാര്‍ട്ടിതലത്തില്‍ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവുമായി കെപിസിസി അദ്ധ്യക്ഷന്‍ വി.എം സുധീരന്. പാര്‍ട്ടി ദേശീയ നേതൃത്വത്തിന് മുന്നിലാണ് സുധീരന് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്.
പുറത്തുവന്ന തെളിവുകള്‍ ജനങ്ങളും പ്രവര്‍ത്തകരും പ്രഥമദൃഷ്ട്യാ സത്യമെന്ന് കരുതുന്ന സാഹചര്യത്തില്‍ ഇതിന്റ നിജസ്ഥിതി ദേശീയ നേതൃത്വം പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന വാദമാണ് സുധീരന് ഉന്നയിക്കുന്നത്. ഇക്കാര്യം പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ മുന്നില്‍ സുധീരന് അവതരിപ്പിച്ചുകഴിഞ്ഞതായിട്ടാണ് വിവരം. രാഹുല്‍ കേരളം സന്ദര്‍ശിക്കാനിരിക്കെയാണ് സുധീരന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം മന്ത്രിസഭാംഗങ്ങളെ മുഴുവന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് സോളാര്‍ കേസില്‍ പുറത്തുവന്ന പുതിയ തെളിവുകള്‍. ഈ സാഹചര്യത്തില്‍ ഉടലെടുത്ത പ്രതികൂല രാഷ്ട്രീയ സാഹചര്യമാണ് ദേശീയ നേതൃത്വത്തിന് മുന്നില്‍ സുധീരന് ചൂണ്ടിക്കാട്ടാന്‍ ശ്രമിക്കുന്നത്. ഈ അവസ്ഥ തരണം ചെയ്യാന്‍ ദേശീയ നേതൃത്വം അടിയന്തര ഇടപെടല്‍ നടത്തണമെന്ന ആവശ്യം വ്യക്തമാക്കുകയാണ് സുധിരന്‍.
വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുന്നതില്‍ നിന്നും ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് സുധിരന്റെ നീക്കമെന്ന് വേണം കരുതാന്‍. പാര്‍ട്ടിതലത്തില്‍ പരിശോധന വേണമെന്ന് ആവശ്യപ്പെടുമ്പോള്‍ തെളിവുകളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടുന്ന പക്ഷം ആരോപണ വിധേയരായ നേതാക്കള്‍ക്കെതിരേ നടപടി എടുക്കണമെന്ന നിര്‍ദ്ദേശം കൂടിയാണ് സുധീരന് പറയാതെ പറയുന്നത്. സോളാര്‍ കമ്മീഷന് മുന്നില്‍ സരിത നല്കിയതുള്പ്പെടെയുള്ള തെളിവുകളാണ് പരിശോധിക്കണമെന്ന് സുധീരന് ആവശ്യപ്പെടുന്നത്.
എന്നാല്‍ സുധീരന്റെ ആവശ്യത്തില്‍ പാര്‍ട്ടി ദേശീയ നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ വിഷയത്തില്‍ പാര്‍ട്ടി തലത്തില്‍ അന്വേഷണ സംഘത്തെ നിയോഗിക്കുന്നത് ഉചിതമാണോയെന്ന കാര്യം പരിശോധിച്ച ശേഷമാകും കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.