പട്ന : ബീഹാറിൽ ജംഗിൾ രാജ് തിരിച്ചുവന്നെന്ന വാദങ്ങൾ കൊഴുക്കുന്നതിനിടെ ലാലുവിന്റെ മകനെതിരെ മത്സരിച്ചയാളുടെ അച്ഛനെ അക്രമികൾ വെടിവെച്ചു കൊന്നു . ലാലുവിന്റെ മകനും ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെതിരെ തെരഞ്ഞെടുപ്പിൽ മത്സരിച്ച രാകേഷ് എന്നയാളുടെ അച്ഛൻ ബൈജ്നാഥി സിംഗാണ് കൊല ചെയ്യപ്പെട്ടത് .
രാഘവ് പൂരിൽ നിന്നും പട്നയ്‌ക്ക് വരുകയായിരുന്ന രാകേഷിന്റെ കുടുംബത്തിന് നേരേ ഇന്നലെ ഉച്ചയ്‌ക്കാണ് ആക്രമണമുണ്ടായത് . ഇവർ വന്ന സ്കോർപിയോ കാറിന് നേർക്ക് പത്തോളം വരുന്ന അക്രമി സംഘം എ കെ 47 തോക്കുകൾ ഉപയോഗിച്ച് തുരുതുരാ വെടിവെക്കുകയായിരുന്നു . വെടിവെപ്പിൽ ബൈജ്നാഥി സിംഗ് തൽക്ഷണം കൊല്ലപ്പെട്ടു . അദ്ദേഹത്തിന്റെ ഭാര്യയും ബന്ധുവായ യുവതിയും അത്യാസന്ന നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ് .
ലോക് ജനശക്തി പാർട്ടി നേതാവും രാം വിലാസ് പസ്വാന്റെ അടുത്ത അനുയായിയുമായിരുന്നു മരിച്ച ബൈജ് നാഥി സിംഗ് .മുൻപ് ലാലുവിന്റെ ഭാര്യ റാബ്രിദേവിക്കെതിരെ ബൈജ്നാഥിന്റെ ഭാര്യയും തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട് . അക്രമം നടത്തിയവരെ അറിയാമെന്നും എല്ലാ കാര്യങ്ങളും പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും രാകേഷ് അറിയിച്ചു.
ക്രിമിനലുകൾ മഹാസഖ്യത്തിന്റെ ഭരണത്തിൽ സ്വൈര വിഹാരം നടത്തുകയാണെന്ന് ബിജെപി ആരോപിച്ചു. ലാലുവിന്റെ കുടുംബത്തിനെതിരെ മത്സരിച്ചതിലുള്ള അസഹിഷ്ണുതയാണ് അക്രമത്തിന് കാരണമെന്ന് ബിജെപി നേതാവ് അച്യുതാനന്ദ് സിംഗ് പറഞ്ഞു. ബീഹാറിലെ ക്രമസമാധാന നില പൂർണമായും തകർന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബീഹാറിൽ ആർ ജെ ഡി ഉൾപ്പെടുന്ന മഹാസഖ്യം അധികാരത്തിലേറിയതിനു ശേഷം അക്രമികൾ അഴിഞ്ഞാടുന്ന അവസ്ഥയാണുള്ളത് . തട്ടിക്കൊണ്ട് പോകൽ , കൊള്ള , കൊലപാതകം തുടങ്ങിയവയുടെ എണ്ണത്തിൽ വൻ വർദ്ധനവാണുണ്ടായതെന്ന് കഴിഞ്ഞ മാസങ്ങളിലെ കണക്കുകൾ സൂചിപ്പിക്കുന്നു.