കണ്ണൂർ : കണ്ണൂര്‍ അഴീക്കോട്ടെ സിപിഎം നിയന്ത്രണത്തിലുള്ള ക്ഷേത്ര കമ്മിറ്റിയുടെ അയിത്താചരണം ഈ വർഷവും ആവർത്തിച്ചു. അഴീക്കോട് പാമ്പാടിയാലിന്‍കീഴില്‍ ക്ഷേത്രത്തിലെ ഉത്സവാഘോഷവുമായി ബന്ധപ്പെട്ടാണ് അയിത്താചരണത്തിന്റെ ആവർത്തനം. അയിത്താചരണം തുടർന്നാൽ നടപടിയെടുക്കുമെന്ന ജില്ലാ കലക്ടറുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ഇക്കുറിയും അയിത്തം ആചരിച്ചത്.
തീയ്യസമുദായത്തിന്റെ ഊരായ്മയിലുള്ളതാണ് പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രം. നാട്ടിലെ എല്ലാവിഭാഗം ജനങ്ങളും വിശ്വാസപൂർവ്വം ആരാധന നടത്തുന്ന ഈ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് തിരുവായുധമെഴുന്നള്ളത്ത് പ്രദേശത്തെ പുലയസമുദായവീടുകളൊഴിച്ച് മറ്റെല്ലായിടത്തും പോയതാണ് കഴിഞ്ഞ വർഷം വിവാദത്തിനിടയാക്കിയത്.
ചില സാമൂഹ്യസംഘടനകളുടെ ഇടപെടത്തിനെ തുടർന്ന് ജില്ലാ കലക്ടർ ഇതിനെതിരെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, ഇത്തവണ തിരുവായുധമെഴുന്നള്ളത്ത് തീയ്യസമുദായത്തിൽ പെട്ടവരുടെ വീടുകളിൽ മാത്രം പോകുകയും മറ്റെല്ലാ സമുദായങ്ങളെയും അവഗണിക്കുകയും ചെയ്തത് വീണ്ടും പ്രതിഷേധത്തിനിടയാക്കി.
സി.പി.എം നേതാക്കളാണ് ഈ ക്ഷേത്രത്തിന്റെ ഭരണസമിതിയെ നിയന്ത്രിക്കുന്നത്.വാക്കാൽ മാത്രം പുരോഗമനം പറയുന്നവർ കാട്ടുന്ന ജാതിവിവേചനത്തിനെതിരെ അഴീക്കോട് പ്രദേശത്ത് ശക്തമായ പ്രതിഷേധം നിലനില്‍ക്കുകയാണ്.
ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന തിരുവായുധം എഴുന്നള്ളത്ത് പുലയ സമുദായത്തിന്റെ വീടുകളിൽ മാത്രംകയറുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേരള സ്റ്റേറ്റ് പട്ടികജന സമാജം കഴിഞ്ഞ വർഷം കളക്ടർക്ക് പരാതി നൽകിയിരുന്നു.എന്നാൽ ക്ഷേത്രം ആരംഭിച്ചത് തന്നെ ഒരു പ്രത്യേക സമുദായത്തിനു വേണ്ടിയായിരുന്നെന്നും എഴുന്നള്ളത്ത് ആ സമുദായത്തിലുള്ളവരുടെ വീടുകളിൽ മാത്രമേ നിലവിൽ പോകുന്നുള്ളൂവെന്നുമായിരുന്നു ക്ഷേത്ര ഭരണസമിതിയുടെ മറുപടി
എന്നാൽ ഇത് സത്യമല്ലെന്നും പ്രദേശത്തെ പുലയ സമുദായത്തിന്റെ വീടുകളിലൊഴിച്ച് മറ്റു വീടുകളിൽ എഴുന്നള്ളത്ത് കയറുന്നുണ്ടെന്നുമാണ് സമാജം പറയുന്നത് . ഇത് ചൂണ്ടിക്കാണിച്ചാണ് പട്ടിക ജന സമാജം കളക്ടർക്ക് പരാതി നൽകിയത് . തുടർന്ന് കളക്ടറുടെ അദ്ധ്യക്ഷതയിൽ നടന്ന ചർച്ചയിൽ സിപിഎം കാരനായ അഴിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പട്ടികജന സമാജത്തിന്റെ പരാതിയിൽ കഴമ്പില്ലെന്നാണ് വാദിച്ചത്. ക്ഷേത്ര സമിതിയിൽ സി പി എമ്മിന് നിർണായക സ്വാധീനമുള്ളതു കൊണ്ടാണ് പഞ്ചായത്ത് പ്രസിഡന്റ് അയിത്തത്തിന് കൂട്ടുനിൽക്കുന്നതെന്നും ആക്ഷേപമുയർന്നിരുന്നു .
ഒരു പ്രത്യേക ജാതി മാത്രം അനുഷ്ഠിക്കുന്ന മതപരമായ ചടങ്ങാണെങ്കിൽ അതിനെ ആചാരമായി കണാക്കാക്കാമെന്ന്കളക്ടർ അഭിപ്രായപ്പെട്ടു. എന്നാൽ ഒരു സമുദായത്തെ മാത്രം ഒഴിവാക്കി മറ്റുള്ളവർ ആചരിക്കുന്ന ചടങ്ങിൽ അയിത്തമുണ്ടെന്ന് പറയേണ്ടിവരുമെന്നും കളക്ടർ അന്ന് വ്യക്തമാക്കി . തിരുവായുധം എഴുന്നള്ളത്ത് ഒരു സമുദായത്തിന്റെ വീടുകൾ മാത്രം ഒഴിവാക്കുന്നുണ്ടെങ്കിൽ അതിൽ നടപടിയെടുക്കേണ്ടി വരുമെന്ന് കളക്ടർ മുന്നറിയിപ്പ് നൽകിയതോടെ എഴുന്നള്ളത്ത് ക്ഷേത്രവുമായി ബന്ധപ്പെട്ട സമുദായത്തിന്റെ വീടുകളിൽ മാത്രം കയറിയാൽ മതിയെന്ന് ഭരണസമിതി തീരുമാനിക്കുകയായിരുന്നു.
എന്നാൽ ഇതിനെതിരെ പ്രദേശവാസികൾ കളക്ടർക്ക് പരാതി നൽകി . കഴിഞ്ഞ വർഷം വരെ തങ്ങളുടെ വീടുകളിൽവന്നിരുന്ന എഴുന്നള്ളത്ത് ക്ഷേത്രസമിതി റദ്ദാക്കുന്നതായും ഇതിൽ കളക്ടർ നടപടിയെടുക്കണമെന്നുമായിരുന്നു പരാതി . വിവിധ സമുദായക്കാരായ പ്രദേശ വാസികളുടെ ആവശ്യം . ഇതോടെ ക്ഷേത്ര ഭരണ സമിതിയുടെ വാദം പൊളിയുകയായിരുന്നു .
പുലയ സമുദായത്തിന്റെ വീടുകളിൽ മാത്രം തിരുവായുധം എഴുന്നള്ളത്ത് കയറാത്തതിനെതിരെ ആർ.എസ്.എസ് ഉൾപ്പെടെയുള്ള സംഘടനകൾ നേരത്തെ തന്നെ പ്രതിഷേധം അറിയിച്ചിരുന്നു . എന്നാൽ സി പി എം നിയന്ത്രണത്തിലുള്ള ക്ഷേത്ര സമിതി ആചാരത്തിന്റെ പേരു പറഞ്ഞ് അയിത്തം തുടരുകയാണെന്നാണ് ആരോപണം.