ന്യൂഡല്‍ഹി: പ്രതികൂല കാവസ്ഥയില്‍ സിയാച്ചിനില്‍ അതിര്‍ത്തികാത്ത 1000 ധീര സൈനികരെ ഭാരതത്തിന് നഷ്ടമായതായി കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. എങ്കിലും മേഖലയുടെ നിയന്ത്രണത്തില്‍ വിട്ടു വീഴ്ച്ചയില്ലെന്നും രാജ്യസുരക്ഷയുടെ ഭാഗമാണിതെന്നും അതേ സമയം ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതി മികച്ചരീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയതായും പരീക്കര്‍ പറഞ്ഞു.
ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധമേഖലയാണ് ഇന്ത്യ പാകിസ്ഥാന് അതിര്‍ത്തി പ്രദേശമായ സിയാചിന്‍. കനത്ത മഞ്ഞ് വീഴ്ച്ചയും സമാനമായ അപകടങ്ങള്‍മൂലവും ഈ മേഖലയില്‍ മാത്രം 1000ത്തോളം ജവാന്മാരുടെ ജീവന് ഭാരതത്തിന് നഷ്ടമായിട്ടുണ്ട്. കാലാവസ്ഥ പ്രതികൂലമാണെങ്കിലും സിയാചിനിലെ നിയന്ത്രണം ഇന്ത്യന്‍ സൈന്യത്തില്‍ നിലനിര്‍ത്തുന്ന കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്നും രാജ്യസുരക്ഷയുടെ ഭാഗമാണിതെന്നും പരീക്കര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം സിയാചിനില്‍ പട്രോളിങ്ങിനിറങ്ങിയ മലയാളി ജവാനടക്കമുള്ള 10 ഇന്ത്യന്‍ സൈനികര്‍ ഹിമപാതത്തില്‍ കുടുങ്ങി മരിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റേയും വാഗ്ദാനമാണ് ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതി നടപ്പാക്കുമെന്നത്. അത് ഏറ്റവും മികച്ചരീതിയില്‍ തന്നെ നടപ്പാക്കി കഴിഞ്ഞു. യു.പി.എ സര്‍ക്കാര്‍ പദ്ധതിക്കായി വകയിരുത്തിയ തുകയേക്കാള്‍ ഏതാണ്ട് 15 ഇരട്ടിയോളമുള്ള തുകയാണിതിനായി കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തുന്നതെന്നും മന്ത്രി പറഞ്ഞു.