കോഴിക്കോട് : ഇന്ത്യയിലെ ഇടതുപക്ഷം മതമൗലികവാദത്തെ പിന്തുണയ്‌ക്കുന്നവരാണെന്ന് തസ്ളീമ നസ്രീൻ . മുസ്ളിം വോട്ടിനു വേണ്ടി തന്റെ പുസ്തകം നിരോധിച്ചവർ ടിപ്പു സുൽത്താൻ മസ്ജിദിലെ ഇമാമിന്റെ താളത്തിനൊത്തു തുള്ളുന്നവർ മാത്രമാണെന്നും തസ്ളീമ പറഞ്ഞു . ശരിയായ ഇടതുപക്ഷക്കാരാണെങ്കിൽ മതമൗലികവാദികളെ അല്ല തന്നെയാണ് പിന്തുണയ്‌ക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
ഡിസി കിഴക്കേമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കവേയാണ് തസ്ളീമ ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്. ഭാരതത്തിൽ അസഹിഷ്ണുതയുണ്ടെന്ന വാദത്തിനെതിരേയും അവർ പ്രതികരിച്ചു . ഭാരതം അസഹിഷ്ണുതയുടെ നാടല്ല , വൈവിദ്ധ്യങ്ങളുടെ നാടാണ് . സമാനതകളില്ലാത്ത നാടായ ഭാരതത്തിൽ ജീവിക്കാനാണ് ആഗ്രഹിക്കുന്നത് . അവർ വ്യക്തമാക്കി.
മതേതരവാദികളെന്ന് അവകാശപ്പെടുന്നവരും എഴുത്തുകാരും മുസ്ളിം മതമൗലികവാദത്തെ കണ്ടില്ലെന്ന് നടിക്കാനാണ് താത്പര്യപ്പെടുന്നത് . ഇവിടെ മതേതരത്വവും മതമൗലികവാദവും തമ്മിലാണ് യഥാർത്ഥ സംഘർഷമെന്നും തസ്ളീമ വ്യക്തമാക്കി. ബംഗ്ളാദേശിലെ സാഹചര്യങ്ങളെക്കുറിച്ച് വാചാലയായ തസ്ളീമ ഹിന്ദുസമൂഹം അവിടെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി . ഇത്തരം കാര്യങ്ങൾ എഴുതിയതിനാലാണ് താൻ അനഭിമതയായതെന്നും തസ്ളീമ പറഞ്ഞു .
പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരേയും ഹിന്ദു സംഘടനകൾക്കെതിരേയും പരാമർശമുണ്ടാകണമെന്ന ചിലരുടെ ആവശ്യം നിരാകരിച്ച തസ്ളീമ തന്റെ നിലപാടിൽ ഉറച്ചു നിന്നത് ശ്രദ്ധേയമായി .