ബംഗളൂരു: ബംഗളൂരുവിലെ സ്കൂളിനകത്ത് കടന്ന പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്. സ്കൂളിലെ ഒരു ജീവനക്കാരനും വിവരമറിഞ്ഞെത്തിയ വനപാലകരില്‍ മൂന്നുപേര്‍ക്കുമാണ് പുലിയുടെ കടിയേറ്റത്. ഞായറാഴ്ച സ്കൂളിനു അവധിയായത് ദുരന്തത്തിന്റെ തീവ്രത കുറച്ചു.
ബംഗളൂരുവിലെ കുണ്ടലഹള്ളിയിലുള്ള വിബ്ജിയോര്‍ സ്കൂളില്‍ പുലര്‍ച്ചെ നാലുമണിയോടെയാണ് പുള്ളിപ്പുലി കടന്നത്. സ്കൂളിന്റെ വലിയ മതില് ചാടിയാണ് പുലി കാമ്പസില്‍ എത്തിയത്. പുലി സ്കൂള്‍ വരാന്തയില്‍ നടക്കുന്നതും മറ്റും സ്കൂളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സ്കൂളിലുണ്ടായിരുന്ന ജീവനക്കാരനാണ് പുലിയെ ആദ്യം കണ്ടത്. ഇയാള്‍ക്ക് പുലിയുടെ കടിയേറ്റിട്ടുണ്ട്. സംഭവമറിഞ്ഞ് സ്കൂളിലെത്തിയ പൊലീസിനെയും വനപാലകരെയും പുലി ആക്രമിച്ചു. പുലിയെ പിന്നീട് മയക്കുവെടി വച്ച് പിടികൂടി.