ന്യൂയോർക്ക് : ഉത്തര കൊറിയയുടെ ദീർഘദൂര മിസൈൽ പരീക്ഷണത്തെ രൂക്ഷമായി വിമർശിച്ച് ഐക്യ രാഷ്ട്രസഭ. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ലംഘിച്ച രാജ്യത്തിനെതിരെ, പ്രമേയം കൊണ്ടുവരുമെന്നും, കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും യുഎൻ രക്ഷാസമിതി മുന്നറിയിപ്പ് നൽകി.
ദക്ഷിണ കൊറിയ, ജപ്പാൻ, അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ഉത്തരകൊറിയക്കെതിരെ ശക്തമായി രംഗത്തുവന്ന സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭ ന്യൂയോർക്കിൽ അടിയന്തര യോഗം വിളിച്ചത്. രക്ഷാസമിതിയുടെ നിർദ്ദേശങ്ങൾ മറികടന്ന ഉത്തര കൊറിയയുടെ നടപടിയെ ഐക്യരാഷ്ട്ര സഭ അപലപിച്ചു. ലോകരാജ്യങ്ങളെ തുടർച്ചയായി വെല്ലുവിളിക്കുന്ന ഉത്തരകൊറിയയ്ക്കെതിരെ പ്രമേയം കൊണ്ടുവരുമെന്നും യുഎൻ വ്യക്തമാക്കി.
മേഖലയുടെ സമാധാനത്തിന് തുരങ്കം വെയ്ക്കുന്ന പ്രവർത്തികളാണ് കിം ജോങ്ങ് ഉൻ ഭരണകൂടത്തതിന്റേത്. ഇതിന്
രാജ്യം കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും, കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും യുഎൻ രക്ഷാസമിതി മുന്നറിയിപ്പ് നൽകി. അതേസമയം, ഉത്തര കൊറിയക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുന്നതിനെ എതിർത്ത് ചൈന രംഗത്തെത്തിയിട്ടുണ്ട്.
ആഴ്ചകൾക്ക് മുൻപ് ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയതിനാണ് ഐക്യരാഷ്ട്രസഭ ഉത്തര കൊറിയയ്ക്ക് വിലക്ക് ഏർപ്പെടുത്തിയത്. റോക്കറ്റ് വിക്ഷേപണത്തിന്റെ മറപിടിച്ച് ബാലിസ്റ്റിക് മിസൈൽ പരീക്ഷണമാണ് കഴിഞ്ഞ ദിവസം നടന്നതെന്നാണ് പാശ്ചാത്യ രാഷ്ട്രങ്ങളുടെ നിഗമനം. എന്നാൽ, വിക്ഷേപിച്ചത് ഉപഗ്രഹമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഉത്തര കൊറിയ.