കൊല്ലം : വിമോചനയാത്രയുടെ മുദ്രാവാക്യത്തിന്റെ പ്രസക്തി എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു കൊല്ലം ജില്ലയിലെ പര്യടനം. ഭൂരഹിതർ, ജീവിതം വഴിമുട്ടിയ കശുവണ്ടി തൊഴിലാളികൾ, ഖനനമാഫിയയുടെ അക്രമത്തിന് വിധേയരായവർ തുടങ്ങി ആയിരക്കണക്കിന് പേരാണ് സമരനായകനെ വരവേല്‍ക്കാനെത്തിയത്. അരിപ്പ ഭൂസമരമുമുൾപ്പെടെ ഏറ്റെടുത്തതിലൂടെ കൊല്ലത്തെ പിന്നോക്ക-ദളിത് വിഭാഗങ്ങൾക്കിടയിൽ അത്രകണ്ട് സ്വീകാര്യതയും വിശ്വാസ്യതയുമാണ് കുമ്മനത്തിനുള്ളത്.
സോളാർക്കേസിലൂടെ ഇപ്പോൾ കുപ്രസിദ്ധമായ കൊട്ടരക്കരയിൽ നിന്നും ആരംഭിച്ച വിമോചനയാത്ര രാഷ്‌ട്രീയ വിഷയങ്ങളൾക്കപ്പുറം ഏറ്റെടുത്തത് ജനകീയ പ്രശ്‌നങ്ങൾ . 4300ലേറെ ഭൂരഹിതരുള്ള ജില്ലയിൽ , മൂന്ന് വർഷമായി ഇനിയും പരിഹാരമാകാത്ത ഭൂസമരം നിലനില്‍ക്കുന്ന ജില്ലയിൽ കുമ്മനത്തില്‍ നിന്നും ഏവരും പ്രതീക്ഷിച്ചതും അത് തന്നെ. അരിപ്പ ഭൂസമരത്തിലൂടെ പിന്നോക്കക്കാരനും ഭൂരഹിതനുമൊപ്പമാണ് താനെന്ന് നേരത്തെ തന്നെ തെളിയിച്ചിട്ടുള്ള സമരനായകനെ കൊല്ലം സ്വീകരിച്ചത് ഇരു കൈയ്യും നീട്ടിയാണ്.
പുനലൂരില്‍ അരിപ്പയും, കുന്നത്തൂരില്‍ കാർഷിക മേഖലയും, കൊല്ലത്ത് ഇടത്പക്ഷവും കോണ്‍ഗ്രസ്സും വഴിയാധാരമാക്കിയ കശുവണ്ടിത്തൊഴിലാളികളുടെ പ്രശ്‌നങ്ങളും വിമോചനയാത്രയിൽ പ്രധാന ചർച്ചയായി. കേവലം രാഷ്‌ട്രീയ നേതാവിനപ്പുറം യുവാക്കളുടെ മനസ്സിലെ കുമ്മനം എന്താണെന്ന് കൂടി തെളിയിച്ചു കൊല്ലം.
പത്തനംതിട്ടയ്‌ക്ക് വൈകാരികതയാണ് കുമ്മനമെങ്കില്‍ കൊല്ലത്തിന് അദ്ദേഹം വിശ്വാസ്യതയുടെ പര്യായമാണ് . പിന്നിട്ട വഴികളിലെ സ്വീകരണം സൂചിപ്പിക്കുന്നതും അതുതന്നെയാണ്.