ന്യൂഡല്‍ഹി: രാജ്യത്തെ ടെലികോം കമ്പനികള്‍ ഇന്റര്‍നെറ്റ് സമത്വം ഉറപ്പാക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ നിര്‍ദ്ദേശം. ഇന്റര്‍നെറ്റ് ഉപയോഗത്തിന് അധിക പണം ചുമത്താനുള്ള ടെലികോം കമ്പനികളുടെ നീക്കത്തിന് തിരിച്ചടി നല്‍കിയാണ് ട്രായ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. നിബന്ധന പാലിക്കാത്ത കമ്പനികള്‍ പ്രതിദിനം അന്‍പതിനായിരം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയൊടുക്കേണ്ടി വരും.
സൗജന്യ നിരക്കിലുളള പാക്കേജുകള്‍ കാലാവധി തീരും വരെ ഉപയോഗിക്കാമെന്നും ട്രായ് വ്യക്തമാക്കി. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വ്യത്യസ്ത നിരക്കുകള്‍ ഈടാക്കാന്‍ അനുവദിക്കണമെന്ന ടെലികോം സേവന ദാതാക്കളുടെ ആവശ്യമാണ് ട്രായ് തള്ളിയത്. ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളായിരുന്നു ഈ ആവശ്യവുമായി രംഗത്തെത്തിയത്. പദ്ധതിക്ക് പിന്തുണ തേടി ഫെയ്‌സ്ബുക്ക് വന്‍ ക്യാമ്പെയ്‌നും ഓണ്‍ലൈനില്‍ സംഘടിപ്പിച്ചിരുന്നു.
നേരത്തെ വിഷയത്തില്‍ ട്രായ് പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം തേടിയിരുന്നു. ഏകദേശം ഇരുപത് ലക്ഷത്തോളം പേര്‍ പദ്ധതിയെ എതിര്‍ത്ത് അഭിപ്രായം രേഖപ്പെടുത്തിയെന്നാണ് ട്രായ് വ്യക്തമാക്കുന്ന കണക്ക്. കഴിഞ്ഞ മാസം വിഷയത്തില്‍ ട്രായ് ചര്‍ച്ച സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരം വേദികളില്‍ നിന്ന് ഉരുത്തിരിഞ്ഞ അഭിപ്രായം കണക്കിലെടുത്താണ് നിലപാട്.
പ്രളയം ഉള്‍പ്പെടെയുള്ള അടിയന്തര ഘട്ടങ്ങളില്‍ ഡേറ്റാ ചാര്‍ജുകള്‍ ഒഴിവാക്കണമെന്നും ട്രായ് നിര്‍ദ്ദേശിക്കുന്നുണ്ട്.