തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിത നായര്‍ സോളാര്‍ കമ്മീഷന് മുന്‍പാകെ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരു മന്ത്രിക്കെതിരേയും കേസെടുത്തിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കും ആര്യാടനുമെതിരേ കേസെടുക്കണമെന്ന വിജിലന്‍സ് കോടതിയുടെ ഉത്തരവ് അസ്വാഭാവികമാണെന്നും ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. രാവിലെ വിഷയത്തില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയനോട്ടീസിന് മറുപടി നല്‍കുകയായിരുന്നു ചെന്നിത്തല.
അറുപതിലധികം കേസുകളില്‍ പ്രതിയായ ഒരാളുടെ പൂര്‍ണമല്ലാത്ത മൊഴിയുടെ പേരില്‍ പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നത് ശരിയല്ല. സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന ഇത്തരം ചര്‍ച്ചകള്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. പ്രതികളുടെയും സാക്ഷികളുടെയും വിസ്താരം പൂര്‍ത്തിയായിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കണം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആരോപണത്തിന്റെ പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷ ശ്രമമെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ജനാധിപത്യമൂല്യങ്ങളെയും നിയമ വ്യവസ്ഥയെയും കാറ്റില്‍ പറത്തി മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കോടിയേരി ആരോപിച്ചു. അഴിമതിക്കേസില്‍ അകപ്പെട്ട മുഖ്യമന്ത്രിയും മന്ത്രിമാരും കച്ചിത്തുരുമ്പില്‍ പിടിച്ചുതൂങ്ങുകയാണെന്നും കോടിയേരി പറഞ്ഞു.
തിരുവനന്തപുരം: മുഖ്യമന്ത്രിയും ആരോപണവിധേയരായ മന്ത്രിമാരും രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തര വേളയ്ക്കിടെയാണ് പ്രതിഷേധമുയര്‍ത്തിയത്. സോളാര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്കി. കോടിയേരി ബാലകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്.
സരിതയുടെ കൈയ്യില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം മന്ത്രി ആര്യാടനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നിഷേധിച്ചു. സരിത എന്ത് ആവശ്യത്തിന് പണം നല്കിയെന്നോ ഇതിന് പകരമായി എന്ത് ചെയ്തുകൊടുത്തെന്നോ ആരും ഇതുവരെ പറഞ്ഞിട്ടില്ലെന്ന് ആര്യാടന് പറഞ്ഞു. ഊര്ജ്ജവകുപ്പുമായോ അനെര്ട്ടുമായോ ടീം സോളാറിന് യാതൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു പ്രതിയുടെ അപൂര്‍ണമായ മൊഴി വിശ്വസിച്ചാണ് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയം കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആരോപണങ്ങള്‍ ഏത് സാഹചര്യത്തിലാണെന്ന് അന്വേഷിക്കണമെന്നും ബിജു രാധാകൃഷ്ണന് സിഡി തേടിപ്പോയ അനുഭവം മറക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
അതേസമയം നാണംകെട്ട ഒരു മുഖ്യമന്ത്രിയിരിക്കുന്ന സഭയില്‍ പ്രതിപക്ഷ നേതാവായി ഇരിക്കുന്നതില്‍ ലജ്ജിക്കുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ വാക്കുകള്‍. ക്ലിഫ് ഹൗസിലെ അടുക്കളയില്‍ വരെ കയറാനുള്ള സ്വാതന്ത്ര്യം സരിതയ്ക്കുണ്ടായിരുന്നുവെന്നും ക്ലിഫ് ഹൗസില്‍ നടന്ന സ്വകാര്യ പ്രാര്‍ഥനയില്‍ പോലും സരിത പങ്കെടുത്തിട്ടുണ്ടെന്നും വി.എസ് പറഞ്ഞു. പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു.