ന്യൂഡല്‍ഹി: സിയാച്ചിനിലില്‍ ഹിമപാതത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ലാന്‍സ് നായിക് ഹനുമന്തപ്പയെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി. സൈന്യത്തിന്റെ ഡല്‍ഹിയിലെ റിസെര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ കഴിയുന്ന ഹനുമന്തപ്പയെ സന്ദര്‍ശിച്ച പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടര്‍മാരോട് വിശദമായി ചോദിച്ചറിയുകയും ചെയ്തു.
ഉച്ചയ്ക്ക് 1.30 ഓടെയാണ് പ്രധാനമന്ത്രി ആശുപത്രിയില്‍ എത്തിയത്. രാജ്യത്തിന്റെ ഒന്നാകെയുള്ള പ്രാര്ഥനകയോടെ ഹനുമന്തപ്പയെ കാണാന്‍ പോകുന്നുവെന്നായിരുന്നു സന്ദര്‍ശനത്തിന് മുന്‍പ് ട്വിറ്ററില്‍ പ്രധാനമന്ത്രി കുറിച്ചത്. ഹനുമന്തപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രിവൃത്തങ്ങള്‍ നല്കുന്ന വിവരം.
ഈ മാസം മൂന്നിനാണ് സിയാച്ചിനില്‍ ഉണ്ടായ ഹിമപാതത്തില്‍ ഹനുമന്തപ്പ ഉള്‍പ്പെടെ മദ്രാസ് റെജിമെന്റിലെ പത്ത് സൈനികര്‍ അപകടത്തില്‍ പെട്ടത്. ആധുനീക ഉപകരണങ്ങളോടെ സൈന്യത്തിലെ പ്രത്യേക സംഘം ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയായിരുന്നു. രക്ഷപെടാന്‍ സാദ്ധ്യതയില്ലാത്തതിനാല്‍ സൈനികര്‍ മരിച്ചതായി കഴിഞ്ഞ ദിവസം സൈന്യം സൂചന നല്‍കിയിരുന്നു. ഇതിനിടയിലാണ് ഹനുമന്തപ്പയുടെ അത്ഭുതകരമായ രക്ഷപെടല്‍.
ഇരുപത്തിയഞ്ച് അടിയോളം താഴ്ചയില്‍ മഞ്ഞിനടിയില്‍ കിടക്കുകയായിരുന്ന ഹനുമന്തപ്പയെ ഇന്നലെയാണ് തെരച്ചില്‍ നടത്തുകയായിരുന്ന സൈന്യം രക്ഷപെടുത്തിയത്. മെഡിക്കല്‍ സംഘത്തോടൊപ്പം സി-17 ഹെലികോപ്ടറില്‍ ഡല്‍ഹിയിലെത്തിച്ചാണ് ഹനുമന്തപ്പയെ ആര്‍ആര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. രാവിലെ കരസേനാമേധാവി ജനറല്‍ ദല്‍ബീര്‍ സിംഗും ആശുപത്രിയിലെത്തി ഹനുമന്തപ്പയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയും എത്തിയത്. കര്‍ണാടക സ്വദേശിയാണ് ഹനുമന്തപ്പ.
ഹനുമന്തപ്പയ്ക്ക് ഒപ്പം കാണാതായ അഞ്ച് സൈനികരുടെ മൃതദേഹങ്ങള്‍ തെരച്ചില്‍ നടത്തിയ സംഘം കണ്ടെടുത്തിരുന്നു. ഇവരില്‍ നാല് പേരെ തിരിച്ചരിഞ്ഞിട്ടുണ്ട്.