പറ്റ്‌ന: കോണ്‍ഗ്രസ് തന്നെ സഹിഷ്ണുത പഠിപ്പിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 1984 ലെ സിഖ് കലാപവുമായി ബന്ധപ്പെട്ട് സിഖ് വംശജര്‍ കൂട്ടത്തോടെ കൊല്ലപ്പെട്ട സംഭവങ്ങള്‍ ഓര്‍മ്മപ്പെടുത്തിയാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത്. ബിഹാറിലെ പൂര്‍ണറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്രമോദി.
1984 ലെ നവംബര്‍ രണ്ട് ഓര്‍മ്മപ്പെടുത്തിക്കൊണ്ടായിരുന്നു പ്രധാനമന്ത്രി സിഖ് കലാപത്തിലെ സംഭവങ്ങളിലേക്ക് കടന്നത്. 1984 നവംബര്‍ രണ്ടിന് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന്റെ മൂന്നാം ദിവസം ഡല്‍ഹിയില്‍ എന്താണ് സംഭവിച്ചതെന്ന് കോണ്‍ഗ്രസ് ഓര്‍ക്കുന്നുണ്ടോയെന്ന് പ്രധാനമന്ത്രി ചോദിച്ചു. നിരവധി സിഖുകാര്‍ കൊല്ലപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണങ്ങളും ഉണ്ടെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ഇപ്പോള്‍ സഹിഷ്ണുതയെക്കുറിച്ച് കോണ്‍ഗ്രസ് സംസാരിക്കുന്നത് വിരോധാഭാസമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
സിഖ് കലാപത്തിലെ ഇരകള്‍ക്ക് ഇതുവരെ നീതി കിട്ടിയിട്ടില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് അസഹിഷ്ണുത പടരുന്നതായി കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.