ശബരിമല: മഴയ്ക്കും വെള്ളപ്പൊക്കത്തിനും ശമനം വന്നതോടെ ശബരിമലയിലേക്ക് തമിഴ്നാട്ടില്‍ നിന്നുള്ള അയ്യപ്പന്മാരുടെ എണ്ണം വര്‍ദ്ധിച്ചു. ഈ വര്‍ഷം മണ്ഡലകാലം ആരംഭിച്ചിട്ട് ഇതാദ്യമായാണ് സന്നിധാനത്ത് ഇത്രയും തിരക്ക് അനുഭവപ്പെടുന്നത്. ഇന്നലെ നടതുറന്ന ശേഷം ആറുമണിക്കൂറിലേറെ കാത്തു നിന്നാണ് തീര്‍ത്ഥാടകര്‍ക്ക് അയ്യപ്പ ദര്‍ശനം സാധ്യമായത്. വെള്ളപ്പൊക്കത്തിനടിയില് അകപ്പെട്ടിരുന്ന തമിഴ്നാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ നിന്നുള്ള അയ്യപ്പന്മാരാണ് ഇന്നലെ സന്നിധാനത്ത് എത്തിച്ചേര്‍ന്നത്. കാഞ്ചീപുരം,
ദിണ്ഡിഗല്‍, വെല്ലൂര്‍, സേലം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് തീര്‍ത്ഥാടക സംഘത്തില്‍ അധികവും. പ്രളയത്തില്‍ പ്രധാന റോഡുകളെല്ലാം തകര്‍ന്നിട്ടും ചുറ്റിത്തിരിഞ്ഞാണ് ഇവര്‍ ശബരിമലയിലേക്ക് എത്തുന്നത്. തിരക്ക് വര്‍ദ്ധിച്ചതോടെ പരമ്പരാഗത പാതയിലൂടെയാണ് അയ്യപ്പന്മാരെ പൊലീസ് കടത്തി വിടുന്നത്. വരും ദിവസങ്ങളില്‍ തിരക്ക് വര്‍ദ്ധിച്ചേക്കുമെന്നാണ് സുരക്ഷാ സേനയുടെ വിലയിരുത്തല്‍.