കൊച്ചി: സോളാര്‍ കമ്മീഷന് മുന്‍പാകെ തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ സരിത നായര്‍ സമര്‍പ്പിച്ചു. പെന്‍ഡ്രൈവിലാക്കി മുദ്രവെച്ച കവറിലാണ് സമര്‍പ്പിച്ചത്. ബാക്കി തെളിവുകള്‍ മൂന്നുദിവസത്തിനുള്ളില്‍ അഭിഭാഷകന് മുഖേന സമര്‍പ്പിക്കുമെന്ന് സരിത അറിയിച്ചു. അതേസമയം അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വൈകുമെന്ന് കമ്മീഷന് അറിയിച്ചു.
രാവിലെ 11:30 ഓടെയാണ് അഭിഭാഷകരുടെ ക്രോസ് വിസ്താരത്തിനായി സരിത എസ് നായര്‍ കമ്മീഷന് മുന്നില്‍ ഹാജരായത്. പെന്‍ഡ്രൈവും ചില രേഖകളുമാണ് മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചതെന്ന് സരിത പറയുന്നു. അതേസമയം തന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുപോയതുമായി ബന്ധപ്പെട്ട് എഡിജിപി പത്മകുമാറിനെതിരെ ഡിജിപിക്ക് കൊടുത്ത പരാതി സത്യമാണെന്ന് സരിത കമ്മീഷന് മുന്നില്‍ പറഞ്ഞു.
അറസ്റ്റ് ചെയ്യുമ്പോള്‍ തന്റെ പക്കല്‍ നിന്നും ലാപ്ടോപ്പും പെന്‍െ്രെഡവും പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഇത് കോടതിയില്‍ ഹാജരാക്കിയിട്ടില്ല. ഐജി പത്മകുമാറിന്റെ നിര്‍ദേശപ്രകാരമാണ് പെരുമ്പാവൂര്‍ ഡിവൈഎസ്പി തന്നെ അറസ്റ്റ് ചെയ്തതെന്നും സരിത സോളാര്‍ കമ്മീഷന് മുന്നില്‍ പറഞ്ഞു. വാട്സ്ആപ്പ് വഴി പ്രചരിച്ച തന്റെ ദൃശ്യങ്ങള്‍ പുറത്തുപോയതിന്റെ പിന്നില്‍ പത്മകുമാര്‍ ആണെന്നും സരിത വ്യക്തമാക്കി. എന്നാല്‍ തന്റെ പരാതിയില്‍ ഇതുവരെ മൊഴി പോലും എടുക്കാന്‍ തയ്യാറായിട്ടില്ലെന്നും സരിത കൂട്ടിച്ചേര്‍ത്തു.
കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വൈകുമെന്ന് ജസ്റ്റിസ് ശിവരാജന് അറിയിച്ചു. ഏപ്രില്‍ 27 വരെയാണ് കമ്മീഷന്റെ കാലാവധി ഇതിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.