കൊച്ചി: എറണാകുളം ഉദയംപേരൂര്‍ ഐഒസി പ്ലാന്റിലെ കരാര്‍ തൊഴിലാളികള്‍ നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. തൊഴിലാളികള്‍ക്ക് ഇടക്കാല ആശ്വസമായി 10,000 രൂപ നല്‍കാനും സേവന വേതന വ്യവസ്ഥകളില്‍ 15 ദിവസത്തിനകം തീരുമാനമെടുക്കാനും ധാരണയായതോടെയാണ് സമരം പിന്‍വലിക്കാന്‍ തൊഴിലാളികള്‍ തയ്യാറായത്.
മണിക്കൂറുകള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവിലായിരുന്നു ഇക്കാര്യങ്ങളില്‍ ധാരണയിലെത്തിയത്. കമ്പനിയിലെ സ്ഥിരം തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഹൗസ് കീപ്പിംഗ്, കയറ്റിറക്ക് തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് യൂണിയനുകളുടെ പ്രധാന ആരോപണം. ഇ ക്കാര്യം ഉന്നയിച്ചു കഴിഞ്ഞ കുറച്ചു നാളുകളായി ഇവര്‍ മെല്ലപ്പോക്ക് സമരത്തില്‍ ആയിരുന്നു. ഇതിനൊടുവിലാണ് ഇന്നലെ മുതല്‍ അനശ്ചിതകാല സമരം ആരംഭിച്ചത്.
സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തെ തുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചിരുന്നു. ഇതേ തുടര്‍ന്ന് മദ്ധ്യകേരളത്തില്‍ പാചകവാതക ക്ഷാമവും രൂക്ഷമായിരുന്നു. ഇന്നലെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
ഇന്ന് ഉച്ചയോടെ സമരം തീര്‍ക്കണമെന്നും അല്ലെങ്കില്‍ എസ്മ പ്രയോഗിക്കുമെന്നും മാനേജ്മെന്റിനും തൊഴിലാളികള്‍ക്കും ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അടിയന്തരചര്‍ച്ച നടത്തിയത്. ധാരണകള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും സമരത്തിലേക്ക് നീങ്ങുമെന്ന് തൊഴിലാളികള്‍ മുന്നറിയിപ്പ് നല്കി.