കൊച്ചി : എസ് എഫ് ഐ നേതാക്കളുടെ മാനസിക പീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ദളിത് വിദ്യാർത്ഥിനിയുടെ നില ഗുരുതരം . തൃപ്പൂണിത്തുറ ആർ എൽ വി കോളേജ് വിദ്യാർത്ഥിനിയായ പാലാ സ്വദേശിനിയാണ് ഇന്നലെ രാത്രി ആത്മഹത്യയ്ക്ക് ശ്രമിച്ചത് . പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .
കഴിഞ്ഞ മാസം ആർ. എൽ വി കോളേജിൽ നടന്ന സംഘർഷത്തിന്റെ ദൃക്സാക്ഷിയായിരുന്ന പെൺകുട്ടി മാനേജ് മെന്റിനു നൽകിയ മൊഴിയാണ് എസ് എഫ് ഐ നേതൃത്വത്തെ പ്രകോപിപ്പിച്ചത് . മൊഴി പിൻ വലിക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ നേതാക്കൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും പിന്നീട് സ്വഭാവഹത്യ നടത്തുകയും ചെയ്തു .
എസ് എഫ് ഐ നേതാക്കൾ മാനസികമായി പീഡിപ്പിക്കുന്നതിനെതിരെ പെൺകുട്ടി പ്രിൻസിപ്പാളിനു പരാതി നൽകിയിരുന്നു . എന്നാൽ കുറ്റാരോപിതർക്ക് മൗന പിന്തുണയാണ് അധികൃതർ നൽകിയത് . പെൺകുട്ടിയുടെ വിവാഹം മുടക്കാൻ എസ് എഫ് ഐ നേതാക്കൾ പ്രതിശ്രുത വരനെ വിളിച്ച് ആക്ഷേപങ്ങൾ പറഞ്ഞതായും ബന്ധുക്കൾ ആരോപിക്കുന്നു.
ഇന്നലെ നടന്ന അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടേയും യോഗത്തിൽ പരസ്യമായാണ് പെൺകുട്ടിക്കെതിരെ എസ് എഫ് ഐ വിദ്യാർത്ഥികൾ ഭീഷണി മുഴക്കിയത് . ചില അദ്ധ്യാപകരും ഇതിനെ പിന്തുണച്ചിരുന്നു . ഇതെത്തുടർന്ന് മാനസികമായ തകർന്ന പെൺകുട്ടി രാത്രിയോടെ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു .