കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേയുടെ മൂന്നു ഷട്ടറുകള്‍ തമിഴ്നാട് വീണ്ടും തുറന്നു. കേരളത്തിനു യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് തമിഴ്നാട് വീണ്ടും ഷട്ടറുകള്‍ തുറന്നത്. പെരിയാറിലൂടെ 600 ഘനയടി വെള്ളമാണ് ഇപ്പോള്‍ ഒഴുകുന്നത്. മഴ പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്കി.
തിങ്കളാഴ്ച രാത്രിയോടെ തുറന്ന എട്ട് ഷട്ടറുകള്‍ തമിഴ്നാട് ഇന്ന് പുലര്‍ച്ചയ്ക്ക് അടച്ചിരുന്നു. മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറന്നത് അണക്കെട്ടിനു സമീപപ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറാന്‍ ഇടയാക്കി. ഷട്ടറുകള്‍ തുറക്കുന്നതിന് 12 മണിക്കൂര്‍ മുന്‍പ് മുന്നറിയിപ്പ് നല്‍കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ തമിഴ്നാടിനു നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള അടിയന്തിര നടപടിയ്ക്കായാണ് സമയം ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് വകവയ്ക്കാതെയാണ് തമിഴ്നാട് കൂടുതല്‍ വെള്ളം പെരിയാറിലൂടെ ഒഴുക്കിയത്. ജലനിരപ്പ് ഉയര്‍ന്നെങ്കിലും ഷട്ടറുകള്‍ അടച്ചതോടെ ജലനിരപ്പ് താഴ്ന്നു.
മുല്ലപ്പെരിയാര്‍ സുരക്ഷ സംബന്ധിക്കുന്ന കാര്യങ്ങള്‍ തമിഴ്നാട് പാലിക്കാത്ത സാഹചര്യത്തില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് കുറച്ചു മുന്‍പ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തമിഴ്നാട് വീണ്ടും കരാര്‍ ലംഘനം നടത്തിയത്.