ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട മുഖ്യപ്രതി അഫ്സല് ഗുരുവിനെ അനുകൂലിച്ച് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ നടത്തിയ പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു. അഫ്സല് ഗുരുവിനെ പുകഴ്ത്തുന്ന മുദ്രാവാക്യം വിളികളുമായി നീങ്ങിയ സംഘം ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിത്തുടങ്ങിയതോടെ ഒരു സംഘം വിദ്യാര്‍ഥികള്‍ തടയുകയായിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്.
അഫ്സല് ഗുരുവിന്റെ ശിക്ഷ നടപ്പാക്കിയത് ജുഡീഷ്യല്‍ കില്ലിംഗ് ആണെന്ന് ആരോപിച്ച് ക്യാമ്പസില്‍ ഉടനീളം പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരുന്നു. കശ്മീരിന്റെ സ്വാതന്ത്ര്യത്തെയും തങ്ങള്‍ അനുകൂലിക്കുന്നതായി പോസ്റ്ററുകളില്‍ വ്യക്തമാക്കിയിരുന്നു. വൈകിട്ട് നടക്കുന്ന പരിപാടിയില്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കണമെന്ന ആഹ്വാനവും പോസ്റ്ററുകളില്‍ ഉണ്ടായിരുന്നു.
എന്നാല്‍ അഫ്സല് ഗുരുവിനെ അനുകൂലിച്ച് ഒരു പരിപാടിയും നടത്താന്‍ അനുമതി നല്‍കിയിരുന്നില്ലെന്നാണ് ജെഎന്‍യു അധികൃതരുടെ വിശദീകരണം. സാംസ്കാരിക പരിപാടി സംഘടിപ്പിക്കുന്നുവെന്ന് മാത്രമാണ് വിദ്യാര്‍ഥികള്‍ അറിയിച്ചിരുന്നതെന്നും ജെഎന്‍യു വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍ പറഞ്ഞു.
രാജ്യത്തിനെതിരേ ആക്രമണം നടത്തിയതിന് വധശിക്ഷ വിധിക്കപ്പെട്ട പ്രതിയെ മഹത്വവല്‍ക്കരിച്ച് നടത്തുന്ന പരിപാടിക്കെതിരേ എബിവിപി പ്രവര്‍ത്തകര്‍ വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പരിപാടിക്ക് നല്കിയ അനുമതി റദ്ദാക്കാന്‍ സര്‍വ്വകലാശാല അധികൃതര്‍ തീരുമാനിച്ചെങ്കിലും ഇവരെ വെല്ലുവിളിച്ച് പരിപാടിയുമായി ഒരു സംഘം മുന്നോട്ടുപോകുകയായിരുന്നു. പരിപാടി സംഘര്‍ഷത്തിലേക്ക് വഴിമാറിയതോടെ സര്‍വ്വകലാശാല അധികൃതര്‍ പൊലീസിനെ വിളിച്ചാണ് സ്ഥിതി ശാന്തമാക്കിയത്.