തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ ഫ്ളെക്സ് യുദ്ധം. പോര് ഫ്ളെക്സില്‍ മാത്രമൊതുങ്ങാതെ സര്‍ക്കാര്‍ ജീവനക്കാര്‍ ചേരി തിരിഞ്ഞ് കയ്യാങ്കളിക്ക് മുതിര്‍ന്നതോടെ പൊലീസ് എത്തി ഫ്ളെക്സുകള്‍ നീക്കി സമാധാനം പുനസ്ഥാപിക്കുകയായിരുന്നു.
സോളാര്‍ ഉള്‍പ്പെടെയുളള ആനുകാലിക വിഷയങ്ങള്‍ ആസ്പദമാക്കിയായിരുന്നു ഫഌക്സുകള്‍. സരിതയും മുഖ്യമന്ത്രിയും ഒരുമിച്ചിരിക്കുന്ന ചിത്രത്തോടെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിപക്ഷ അനുകൂല സംഘടന സെക്രട്ടറിയേറ്റിന് മുന്നില്‍ ഫ്ളെക്സ് ഉയര്‍ത്തിയിരുന്നു. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം ആരോപണ വിധേയനായ മന്ത്രി ആര്യാടന് മുഹമ്മദും ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയരായ കെ.എം മാണി, കെ. ബാബു തുടങ്ങിയവരെയും ഫ്ളെക്സില്‍ ചിത്രീകരിച്ചിരുന്നു.
അടി കപ്യാരേ കൂട്ടമണി എന്ന ചലച്ചിത്രത്തിന്റെ പേരിലായിരുന്നു ഫ്ളെക്സ്. യുഡിഎഫ് അവതരിപ്പിക്കുന്ന ചിത്രം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണെന്നും മറ്റും ഫ്ളെക്സില്‍ എഴുതിയിരുന്നു. ഇതിന് പകരമായി പിണറായി വിജയന്റെ മുഖ്യമന്ത്രി മോഹത്തെ പരിഹസിച്ചുകൊണ്ടുളള പോസ്റ്ററുകള്‍ ഭരണ അനുകൂല സംഘടനകളും സ്ഥാപിച്ചു. ഇതോടെ യുദ്ധം ഫ്ളെക്സിലൊതുങ്ങാതെ നേരിട്ടായി.
രാവിലെ ജീവനക്കാര്‍ സെക്രട്ടറിയേറ്റിലെ കന്റോണ്‍മെന്റ് ഗേറ്റിന് സമീപം ഇരുചേരികളായി സംഘടിച്ചു. മുദ്രാവാക്യം വിളിയും വാക്കുതര്‍ക്കവും കയ്യാങ്കളിയിലേക്ക് വരെയെത്തി. ഇതിനിടെ ചിലര്‍ എതിരാളികളുടെ ഫ്ളെക്സുകള്‍ കീറിക്കളയാനും താഴെയിട്ട് നശിപ്പിക്കാനും ശ്രമിച്ചു. ഇതോടെയാണ് പൊലീസ് വിഷയത്തില്‍ ഇടപെട്ടത്. ഇരുവിഭാഗത്തെയും ശാന്തരാക്കിയ പൊലീസ് ഫ്ളെക്സുകള്‍ നീക്കിയതോടെയാണ് സംഘര്‍ഷാവസ്ഥ ഒഴിഞ്ഞത്.