മുംബൈ : 2016 ആഗസ്റ്റ് 15 ഓടെ മഹാരാഷ്‌ട്രയിൽ പൊതുജനങ്ങൾക്കുള്ള സർക്കാർ സേവനങ്ങൾ പൂർണമായും ഓൺലൈനാക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു . ആപ്ലെ സർക്കാർ എന്ന് പേരിട്ടിട്ടുള്ള പോർട്ടൽ വഴിയാണ് ഇത് സാദ്ധ്യമാക്കുന്നതെന്നും ഫഡ്നാവിസ് അറിയിച്ചു.
നാസ്കോം ഇന്ത്യയുടെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . എല്ലാ പൗരന്മാർക്കും സുതാര്യമായ സേവനം നൽകാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സേവനത്തിനുള്ള പൗരന്റെ അവകാശം ഉറപ്പ് വരുത്താനാണ് സർക്കാരിന്റെ ശ്രമമെന്നും ഫഡ്നാവിസ് പറഞ്ഞു.
സാങ്കേതിക തികവുണ്ടെങ്കിൽ മാത്രമേ ആധുനിക ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം നേടാൻ കഴിയുകയുള്ളൂ . ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ സാങ്കേതികതയുടെ കൃത്യവും സമഗ്രവുമായ ഉപയോഗം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു .