കൊച്ചി: പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതി അഫ്‌സല്‍ ഗുരുവിനെ അനുകൂലിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ഇടതുപക്ഷ ആക്ടിവിസ്റ്റ് ബി. അരുന്ധതിക്കെതിരേ പരാതി. പൊതു പ്രവര്‍ത്തകനായ അനീഷ് ബാലകൃഷ്ണനാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. അരുന്ധതിക്ക് രാജ്യവിരുദ്ധശക്തികളുമായി ബന്ധമുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു.
അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ മൂന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ അരുന്ധതി നടത്തിയ അഭിപ്രായ പ്രകടനമാണ് വിവാദമായത്. തെളിവുകള്‍ ഇല്ലാഞ്ഞിട്ടും അഫ്‌സല്‍ ഗുരുവിനെ കൊലപ്പെടുത്തുകയായിരുന്നെന്നും മൃതദേഹം ഒളിപ്പിച്ചുവെച്ച് രാജ്യം അതിന്റെ വികൃതമുഖം കാട്ടുകയായിരുന്നുവെന്നും അരുന്ധതി ആരോപിക്കുന്നു. അഫ്‌സല്‍ ഗുരുവിനെ അനുകൂലിച്ച് ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചതും പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ജീവനൊടുക്കിയ വിദ്യാര്‍ഥി രോഹിത് യാക്കൂബ് മേമന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചതുകൊണ്ടാണ് രാജ്യദ്രോഹി ആക്കപ്പെട്ടതെന്നും അരുന്ധതി പറയുന്നു. കൊച്ചിയില്‍ നടന്ന ചുംബന സമരത്തിലും അടുത്തിടെ നടന്ന മനുഷ്യസംഗമത്തിലും മുന്‍നിരയിലുണ്ടായിരുന്ന വ്യക്തിയാണ് അരുന്ധതി. ഇതുമായി ബന്ധപ്പെട്ടും അല്ലാതെയും അരുന്ധതിയുടെ വിവാദ നിലപാടുകള്‍ക്കെതിരേ നേരത്തെയും സംസ്ഥാനത്ത് വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.