തിരുവനന്തപുരം: തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ എസ്എഫ്ഐ നേതാക്കള്‍ മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് ദളിത് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഒരുങ്ങുന്നു. പെണ്‍കുട്ടിയെ മാനസീകമായി പീഡിപ്പിച്ച എസ്എഫ്ഐ നേതാക്കള്‍ക്കെതിരേ കേസെടുക്കുക, പെണ്‍കുട്ടിയുടെ പരാതി പൊലീസിന് കൈമാറാതെ ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ച പ്രിന്സിപ്പാളിനെതിരെയും ഇടതുപക്ഷ അദ്ധ്യാപകര്‍ക്കെതിരേയും നടപടി എടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.
സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വസതിയിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടയുകയും തുടര്‍ന്നുണ്ടായ ഉന്തിലും തള്ളിലും സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര്. കൃഷ്ണരാജ് ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് എബിവിപി വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കും.
പ്രതിഷേധത്തിന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ കോലം കത്തിച്ചു. സെക്രട്ടറിയേറ്റിലേക്കും എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി രേഷ്മ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞമാസം ആര്‍എല്‍വി കോളേജില്‍ നടന്ന സംഘര്‍ഷത്തിന്റെ ദൃക്സാക്ഷിയായിരുന്ന പെണ്‍കുട്ടി മാനേജ്മെന്റിനു നല്കിയ മൊഴിയാണ് എസ്എഫ്ഐ നേതൃത്വത്തെ പ്രകോപിപ്പിച്ചത്.
മൊഴി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നേതാക്കള്‍ പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും സ്വഭാവഹത്യ നടത്തുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് ഇപ്പോള്‍.