ന്യൂഡല്‍ഹി: സിയാച്ചിനില്‍ ഹിമപാതം മൂലമുണ്ടായ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ട ലാന്‍സ് നായിക് ഹനുമന്തപ്പയുടെ നില ഗുരുതരമായി തുടരുന്നു. വൈകുന്നേരം ആശുപത്രിയില്‍ നിന്ന് പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനിലും മെഡിക്കല്‍ സംഘം ഹനുമന്തപ്പയുടെ ആരോഗ്യനിലയില്‍ ആശങ്ക പങ്കുവെയ്ക്കുന്നുണ്ട്.
തലച്ചോറിലേക്കുളള ഓക്സിജന്റെ പ്രവാഹം മെച്ചപ്പെടാഞ്ഞതും ശ്വാസകോശത്തില്‍ ന്യുമോണിയ ബാധിച്ചതുമാണ് സ്ഥിതി വഷളാക്കിയത്. പ്രവര്‍ത്തനം മോശമായ ആന്തരീകാവയവങ്ങളുടെ സ്ഥിതി ഇതുവരെ മെച്ചപ്പെട്ടിട്ടില്ല. ശരീരത്തിലെ രക്തസമ്മര്‍ദ്ദവും കുറഞ്ഞു. മൈനസ് 45 ഡിഗ്രി തണുപ്പില്‍ ആറ് ദിവസം കഴിഞ്ഞ ശേഷം സാധാരണ താപനിലയിലേക്ക് ശരീരം എത്തുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാണ് ഹനുമന്തപ്പ നേരിടുന്നത്.
എയിംസില്‍ നിന്നുള്ള വിദഗ്ധരും സൈനിക ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന സംഘമാണ് ഹനുമന്തപ്പയെ ചികിത്സിക്കുന്നത്. അതേസമയം ഹനുമന്തപ്പയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് നിരവധി സാംസ്കാരിക സംഘടനകള്‍ ആര്‍ആര്‍ ആശുപത്രിയിലേക്ക് പ്രകടനം നടത്തി. ഫെബ്രുവരി മൂന്നിനാണ് സിയാച്ചിനില്‍ ഉണ്ടായ ഹിമപാതത്തില്‍ ഹനുമന്തപ്പയും ഒപ്പമുണ്ടായിരുന്ന ഒന്‍പത് സൈനികരും അപകടത്തില്‍ പെട്ടത്.
ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് തെരച്ചില്‍ നടത്തിയിരുന്ന സംഘം മഞ്ഞ് മലയില്‍ 25 അടി താഴ്ചയില്‍ മഞ്ഞ് കട്ടകള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ ഹനുമന്തപ്പയെ കണ്ടെത്തിയത്. പൂര്‍ണ ആരോഗ്യത്തോടെയുളള ഹനുമന്തപ്പയുടെ തിരിച്ചുവരവിനായി രാജ്യവും കാത്തിരിക്കുകയാണ്.