കൊല്‍ക്കത്ത: രാഷ്ട്രീയസഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസുമായി ചര്‍ച്ച നടത്താന്‍ ബംഗാളില്‍ ഇടതുമുന്നണിയുടെ തീരുമാനം. ഇന്ന് ചേര്‍ന്ന മുന്നണിയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. സിപിഎം മുന്‍കൈയ്യെടുത്ത് നടത്തിയ നീക്കം ഇടതുമുന്നണിയിലെ പതിനൊന്ന് പാര്‍ട്ടികളും അംഗീകരിക്കുകയായിരുന്നു.
ചര്‍ച്ചയ്ക്ക് ഇതുവരെ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക ക്ഷണം ഉണ്ടായിട്ടില്ലെന്ന് യോഗത്തിന് ശേഷം ഇടതുമുന്നണി ചെയര്‍മാനും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ ബിമന്‍ ബോസ് പറഞ്ഞു. കോണ്‍ഗ്രസ് ക്ഷണിച്ചാല്‍ വിഷയം ചര്‍ച്ച ചെയ്യുന്നതില്‍ ഇടതുമുന്നണിക്ക് യാതൊരു തടസവുമില്ലെന്നും മുന്നണി അതിന് തയ്യാറാണെന്നും ബിമന്‍ ബോസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കോണ്‍ഗ്രസ് മുന്നോട്ടുവന്നില്ലെങ്കില്‍ ഇടതുമുന്നണി ചര്‍ച്ചയ്ക്ക് മുന്കൈയ്യെടുക്കുമോയെന്ന ചോദ്യത്തോട് ബിമന്‍ ബോസ് പ്രതികരിച്ചില്ല.
മുന്നണിക്ക് നേതൃത്വം നല്കുന്ന സിപിഎമ്മിനെക്കൂടാതെ സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് തുടങ്ങിയവരും മറ്റ് ചെറുപാര്‍ട്ടികളുമാണ് ഇടതുമുന്നണിയില്‍ ഉളളത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാന്‍ സിപിഎം സംസ്ഥാന സമിതി നാളെ മുതല്‍ യോഗം ചേരാനിരിക്കെയാണ് ഇടതു മുന്നണി് ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ അനുമതി നല്‍കിയത്.
പരമ്പരാഗത വൈരികളായിരുന്ന കോണ്‍ഗ്രസുമായി ചര്‍ച്ച നടത്താന്‍ എന്താണ് കാരണമെന്ന ചോദ്യത്തിന് രണ്ടാം ലോക മഹായുദ്ധം ഉള്‍പ്പെടെയുള്ളവയാണ് ഉദാഹരണമായി ബിമന്‍ ബോസ് ചൂണ്ടിക്കാട്ടിയത്. ജനാധിപത്യം അപകടത്തിലാകുമ്പോള്‍ അത് പുനസ്ഥാപിക്കേണ്ടതുണ്ടെന്നും ഇത്തരത്തില്‍ ജനാധിപത്യം പുലരണമെന്ന് ആഗ്രഹിക്കുന്നവരുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാകുകയാണ് ചെയ്തതെന്നും ബിമന്‍ ബോസ് പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തെ ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായി എതിര്‍ക്കുന്നുണ്ടെങ്കിലും ഇടതുമായി കൈകോര്‍ക്കുന്നത് സംബന്ധിച്ച് ഇതുവരെ അഭിപ്രായ ഐക്യത്തിലെത്തിയിട്ടില്ല. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ അഭിപ്രായമനുസരിച്ചാകും കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുക.