തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ചു. ധനമന്ത്രിയായിരുന്ന കെ.എം മാണിയെ പ്രശംസിച്ചു കൊണ്ടാണ് മുഖ്യമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. മാണിയുടെ വികസന സമീപനം കേരളത്തിന് നേട്ടമുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ജനസമ്പര്‍ക്ക പരിപാടിയിലൂടെ 158 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വെല്ലുവിളികള്‍ക്കിടയിലും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
റവന്യൂ ചെലവ് 99990 കോടിയായി. മൂലധന ചെലവ് 9572 കോടി. പ്രതീക്ഷിക്കുന്ന റവന്യൂ വരുമാനം 84092 കോടി. പദ്ധതി ചെലവ് 23583 കോടി. റവന്യൂ കമ്മി 9897 കോടി രൂപയായി. ധനക്കമ്മി 19971 കോടിയായിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊച്ചി മെട്രോയ്ക്കും വിഴിഞ്ഞം തുറമുഖ പദ്ധതിക്കുമായി 2506 കോടി രൂപ മാറ്റി വയ്ക്കുന്നതായി ബജറ്റില്‍ പറയുന്നു.
പ്ലാസ്റ്റിക് ബാഗുകള്‍ക്ക് 20 ശതമാനം നികുതിയാണ് ബജറ്റില്‍ ചുമത്തിയിരിക്കുന്നത്. പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഭീഷണിയാകുന്നതിനാല്‍ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളത്തിനും സോഡയ്ക്കും അഞ്ച് ശതമാനം സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി.
സംസ്ഥാനത്തെ എല്ലാ ബി.പി.എല്‍ കുടുംബങ്ങള്‍ക്കും സൗജന്യമായി അരി ലഭ്യമാക്കുമെന്ന് ബജറ്റില്‍ ഉറപ്പ് നല്കുന്നു. ഇപ്പോള്‍ ഒരു രൂപയ്ക്ക് റേഷന്‍ കടകള്‍ വഴി നല്കുന്ന അരിയാണ് ഇനി സൗജന്യമായി നല്‍കുന്നത്. ഇതിന് അധികമായി കണ്ടെത്തേണ്ട 55 കോടി രൂപ ബജറ്റില്‍ വകയിരുത്തി.
റബര്‍ വിലസ്ഥിരതാ ഫണ്ടിലേക്ക് 500 കോടി രൂപ വകയിരുത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തെ 300 കോടി രൂപയില്‍ നിന്ന് 200 കോടി കൂടി കൂട്ടിയാണ് ഇത്. കര്‍ഷകരില്‍ നിന്ന് 150 രൂപയ്ക്ക് റബര്‍ സംഭരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചു.
തിരുവനന്തപുരം നഗരത്തിലെ വെള്ളപ്പൊക്ക പ്രശ്നം പരിഹരിക്കാന്‍ നടപ്പാക്കിയ ഓപ്പറേഷന് അനന്ത എല്ലാ ജില്ലകളിലും നടപ്പാക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കുന്നു.
കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗമായിരുന്നു ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയത്. രണ്ട് മണിക്കൂര്‍ 54 മിനിറ്റ് ബജറ്റ് പ്രസംഗം നീണ്ടു. ഇതിന് മുമ്പ് 2013 ല്‍ കെ.എം മാണിയുടേതായിരുന്നു ദൈര്‍ഘ്യമേറിയ പ്രസംഗം. അന്ന് രണ്ട് മണിക്കൂര്‍ 50 മിനിറ്റെടുത്താണ് മാണി പ്രസംഗം പൂര്‍ത്തിയാക്കിയത്.
29 വര്‍ഷത്തിന് ശേഷമാണ് ഒരു മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. 1987 ല്‍ ഇ.കെ നായനാരാണ് ഇതിന് മുമ്പ് ബജറ്റ് അവതരിപ്പിച്ച മുഖ്യമന്ത്രി. ധനകാര്യമന്ത്രി എന്ന നിലയില്‍ മുമ്പ് നാല് ബജറ്റ് ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ചിട്ടുണ്ട്. 22 വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം വീണ്ടും ബജറ്റ് അവതരിക്കുന്നത്. കെ.എം മാണിയുടെ രാജിയെ തുടര്‍ന്നാണ് ഈ സാഹചര്യമുണ്ടായത്.