കൊല്‍ക്കത്ത: ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ത്ത് സിപിഐ ദേശീയ നേതൃത്വം. അധികാരം എതു വിധത്തിലും നേടാനുള്ള ശ്രമമാണിതെന്നും തീരുമാനവുമായി മുന്നോട്ടുപോകുകയാണെങ്കില്‍ ജനങ്ങള്‍ നല്‍കുന്ന കനത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടി വരുമെന്നും സിപിഐ ദേശിയ സമിതി അംഗം ആനി രാജ ജനം ടിവിയോട് പറഞ്ഞു.
കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയ്‌ക്ക് ഇടതുമുന്നണി അനുമതി നല്‍കിയെന്ന മുന്നണി കണ്‍വീനറും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ ബിമന്‍ ബോസിന്റെ പ്രസ്താവനയും ആനിരാജ തള്ളി. ഇടത് മുന്നണിയിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ സിപിഐ കോണ്‍ഗ്രസുമായുള്ള സഖ്യത്തെ സംബന്ധിച്ച് ഒരു ആലോചനയും നടത്തിയിട്ടില്ലെന്ന് അവര്‍ പറഞ്ഞു. സഖ്യരൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുമായി ചര്‍ച്ച നടത്താന്‍ ഇടതുമുന്നണി അനുമതി നല്‍കിയെന്ന് ഇന്നലെയാണ് ബിമന്‍ ബോസ് അറിയിച്ചത്. മുന്നണിയോഗത്തിന് ശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സഖ്യവിഷയത്തില്‍ തീരുമാനമെടുക്കാന്‍ സിപിഎം സംസ്ഥാന സമിതി ചേരുന്നതിന് തൊട്ടുമുന്‍പാണ് ആനി രാജയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസുമായുള്ള സഖ്യം പാര്‍ട്ടി കോണ്‍ഗ്രസിന്റെ തിരുമാനങ്ങള്‍ക്ക് വിരുദ്ധമാണെന്നും ആനി രാജ ചൂണ്ടിക്കാട്ടി. പാര്‍ട്ടി കോണ്‍ഗ്രസില്‍ ഒരു നിലപാട് സ്വീകരിക്കുകയും മറ്റൊരു കാര്യം നടപ്പിലാക്കുകയും ചെയ്താല്‍ ജനം വിചാരണ ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിപിഎം നേതാക്കളാണ് കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് മുന്‍കൈയ്യെടുക്കുന്നത്.
പ്രത്യയശാസ്ത്രപരമായി ഒരു മാറ്റവും ഇതുവരെ കോണ്‍ഗ്രസിനുണ്ടായിട്ടില്ല. സാമ്പത്തിക നയങ്ങളിലെ സമീപനവും ഇടതുപക്ഷ വിരുദ്ധമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഒരു തരത്തിലും കോണ്‍ഗ്രസുമായി സഹകരിക്കാന്‍ ആകില്ലെന്ന് ആനിരാജ പറഞ്ഞു. കോണ്‍ഗ്രസുമായുളള ചര്‍ച്ചകള്‍ ഇടതുപക്ഷ ശാക്തികരണം എന്ന ആശയത്തിന്റെ കടയ്‌ക്കല്‍ കത്തിവയ്‌ക്കും. അതുകൊണ്ട് തന്നെ സിപിഎം എന്ത് സമ്മര്‍ദ്ദം ചെലുത്തിയാലും വഴങ്ങേണ്ടെന്ന നിലപാടിലാണ് സിപിഐ.