കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് വൈകും. കമ്മീഷന്റെ കാലാവധി അവസാനിക്കുന്ന ഏപ്രില്‍ 27 നു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് ജസ്റ്റീസ് ശിവരാജന് വ്യക്തമാക്കി. മൊഴികള്‍ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സമയം ഇനിയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് 39 സാക്ഷികളെ കൂടി വിസ്തരിക്കാന്‍ ഉണ്ട്. തെളിവുകള്‍ ഇനിയും ശേഖരിക്കണം. ഫെബ്രുവരി പകുതി ആകുമ്പോഴേക്കും സാക്ഷികകളുടെ വിസ്താരം പൂര്‍ത്തിയാകില്ല. വേണമെങ്കില്‍ പറഞ്ഞ സമയത്തിനുള്ളില്‍ റിപ്പോര്‍ട്ട് തട്ടികൂട്ടി സമര്‍പ്പിക്കാം. എന്നാല്‍ ഇതു പൂര്‍ണമാകില്ല. നിയമസഭ തെരഞ്ഞെടുപ്പു പെരുമാറ്റചട്ടം നിലവില്‍ വരുന്നതിനു മുന്‍പ് കാലാവധി നീട്ടുന്നതിനെ കുറിച്ച് കേസിലെ എല്ലാ കക്ഷികളും അഭിപ്രായം അറിയിക്കണമെന്നും കമ്മീഷന് പറഞ്ഞു.
എല്ലാ കക്ഷികളുടെയും തീരുമാനം അറിഞ്ഞതിനു ശേഷം സര്‍ക്കാരിനെ സമീപിക്കും. കാലാവധി നീട്ടുന്നത് സംബന്ധിച്ചു സര്‍ക്കാര്‍ അഭിഭാഷകന് തിങ്കളാഴ്ച നിലപാട് അറിയിക്കണമെന്നും ജസ്റ്റിസ് ശിവരാജന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ അഭിഭാഷകന് കമ്മീഷന്റെ ഉദ്യേശ്യശുദ്ധിയെ ചോദ്യം ചെയ്തത് ഏറെ വിഷമം ഉണ്ടാക്കിയതായി കമ്മീഷന് പറഞ്ഞു. കേസില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്പ്പിക്കില്ലന്നും കമ്മീഷന് വ്യക്തമാകി.