ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി വര്‍ഗീയവാദി അല്ല വിശ്വാസ്യതയുള്ള നേതാവാണെന്ന് കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യീദ്. എല്ലാവര്ക്കും വികസനം എന്ന ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ് നരേന്ദ്രമോദി. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും മുഫ്തി മുഹമ്മദ് സയ്യീദ് ഒരു ദേശീയ മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
പിഡിപി- ബിജെപി ബന്ധം ശക്തമായാണ് മുന്നോട്ടുപോകുന്നത്. ഗോവധ നിരോധനം കാശ്മീരില്‍ ഒരു വിഷയമല്ല. ഇതുമായി ബന്ധപ്പെട്ട് ആരുടെയും വികാരം വ്രണപ്പെടുത്തരുതെന്ന് സയ്യീദ് അലി ഷാ ഗിലാനി പോലും പ്രസ്താവന ഇറക്കിയതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ജമ്മുവിനെയും ശ്രീനഗറിനെയും വികസനത്തിന്റെ പാതയില്‍ ഒരേപോലെ കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസിനെപ്പോലെയല്ല ബിജെപിയെന്നും ആര്‍എസ്എസ് പാരമ്പര്യം നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ ബിജെപിയെ സഹായിക്കുന്നുണ്ടെന്നും മുഫ്തി മുഹമ്മദ് സയ്യീദ് പറഞ്ഞു. ഒരു പ്രമാണിയെപ്പോലെയല്ല മോദി പെരുമാറുന്നത്. പല തട്ടിലുള്ളവരുമായി വിഷയങ്ങള്‍ സംസാരിച്ച ശേഷമാണ് അദ്ദേഹം താനുമായി ആശയവിനിമയം നടത്തുന്നത്. അതുകൊണ്ട് തന്നെ പ്രശ്നപരിഹാരം എളുപ്പമാകുന്നതായും മുഫ്തി മുഹമ്മദ് സയ്യീദ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ ശ്രീനഗര്‍ സന്ദര്‍ശനത്തിന് മുന്നോടിയായിട്ടായിരുന്നു കാശ്മീര്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. കാശ്മീരില്‍ മോദിക്കെതിരേ പ്രതിഷേധം നടത്തുമെന്ന വിഘടനവാദി നേതാവ് സയ്യീദ് അലി ഷാ ഗിലാനിയുടെ വാക്കുകളും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. പ്രതിഷേധം എന്നത് ശരിയായ വഴിയല്ല. മോദി പ്രധാനമന്ത്രിയാണ്. എല്ലാക്കാലത്തും എതിര്‍പ്പും സംഘര്‍ഷവുമായി അദ്ദേഹത്തെ മാറ്റിനിര്‍ത്താനാകില്ലെന്നും മുഫ്തി മുഹമ്മദ് സയ്യീദ് വ്യക്തമാക്കി.
വിശ്വാസ്യതയുളള നേതാവാണ് മോദി. വ്യക്തമായ ജനവിധിയോടെയാണ് അദ്ദേഹം അധികാരത്തില്‍ എത്തിയത്. എല്ലാവര്ക്കും വികസനമെന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അദ്ദേഹം ഒരു നേതാവാണ് അഴിമതിക്കാരനല്ലെന്നും മുഫ്തി മുഹമ്മദ് സയ്യീദ് കൂട്ടിച്ചേര്‍ത്തു. പ്രത്യക്ഷമായ സാമ്പത്തിക വളര്‍ച്ച ദൃശ്യമാകുമ്പോള്‍ മോദിയുടെ വിമര്‍ശകര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുമെന്നും മുഫ്തി മുഹമ്മദ് സയ്യീദ് പറഞ്ഞു.