ദമാസ്കസ്: പാശ്ചാത്യരാഷ്ട്രങ്ങളുടെ താല്പര്യങ്ങള് സിറിയന്‍ മണ്ണില്‍ വിലപ്പോവില്ലെന്ന് പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്. വെടിനിര്‍ത്തല്‍ പ്രാവര്‍ത്തികമാകുന്നതിന് മുന്‍പ് വിമതരുടെ നിയന്ത്രണത്തിലുളള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുമെന്നും അസദ് പറഞ്ഞു. സിറിയയെ പിന്തുണച്ച് റഷ്യയും രംഗത്തെത്തി. സിറിയയില്‍ അമേരിക്കയും സൗദി അറേബ്യയും ഇടപെടാന്‍ ശ്രമിച്ചാല്‍ മഹായുദ്ധത്തിന് വഴിവെക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നല്കി.
സിറിയന്‍ സമാധാന ദൗത്യത്തിന്റെ ഭാഗമായി മ്യൂണിക്കില്‍ നടന്ന പ്രാരംഭ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ബാഷര്‍ അല്‍ അസദ് രംഗത്തെത്തിയത്. ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് വിമതരുടെ അധീനതിയിലായ സിറിയയിലെ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ പോരാട്ടം ശക്തമാക്കും. സമാധാന ചര്‍ച്ച വേണം, എന്നാല്‍, ഭീകരസംഘടനകളോട് ഒരു തരത്തിലുമുളള വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും എഎഫ്പിക്ക് അനുവദിച്ച അഭിമുഖത്തില്‍ സിറിയന്‍ പ്രസിഡന്റ് പറഞ്ഞു.
രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാന്‍ ലോകരാഷ്ട്രങ്ങളുടെ പിന്തുണ ആവശ്യമാണ്. എന്നാല്‍ സിറിയന്‍ മണ്ണില്‍ വിദേശശക്തികളുടെ ഇടപെടല്‍ അനുവദിക്കില്ലെന്നും അസദ് പറഞ്ഞു. ബാഷര്‍ അല്‍ അസദിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ സഖ്യരാഷ്ട്രമായ റഷ്യ സിറിയന്‍ സര്‍ക്കാരിന് പിന്തുണയുമായി എത്തി. ആഭ്യന്തര യുദ്ധത്തിന്റെ മറവില്‍ സിറിയയില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളും, അറബ് ശക്തികളും കരയുദ്ധം നടത്തിയാല്‍, ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് റഷ്യ മുന്നറിയിപ്പ് നല്കി.
ഇത്തരം പ്രകോപനങ്ങള്‍, വീണ്ടുമൊരു ലോക മഹായുദ്ധത്തില്‍ കലാശിക്കുമെന്ന് റഷ്യന്‍ പ്രധാനമന്ത്രി ദ്വിമിത്രി മെദ്വദേവ് പറഞ്ഞു. അസദിന്റെ നിലപാടില്‍ വന്ന മാറ്റവും, റഷ്യന്‍ പിന്തുണയും ഈ മാസം 25 ന് നടക്കുമെന്ന് പ്രതീക്ഷിക്കുന്ന സിറിയന്‍ സമാധാന ചര്‍ച്ചകള്‍ക്ക് വിഘാതം സൃഷ്ടിക്കുമോ എന്നാണ് രാജ്യാന്തര നിരീക്ഷകരുടെ ആശങ്ക.