തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത കവി ഒഎന്‍വി കുറുപ്പിന്റെ സംസ്കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടത്തും. മറ്റെന്നാള്‍ രാവിലെ 10 മണിക്ക് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം. ഞായറാഴ്ച(നാളെ) രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ മൃതദേഹം വിജെടി ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.
വൈകിട്ട് നാലരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ച ഒഎന്‍വിയുടെ മൃതദേഹം ഇവിടെ നിന്നും ആറരയോടെ വഴുതക്കാട്ടെ വസതിയായ ഇന്ദീവരത്തില്‍ എത്തിച്ചു. നിരവധി പേരാണ് മലയാളത്തിന്റെ പ്രിയകവിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഇന്ദീവരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ഒഎന്‍വിയുടെ വിയോഗത്തില്‍ സാഹിത്യ, രാഷ്ട്രീയ സിനിമാലോകത്തെ നിരവധി പേര് അനുശോചിച്ചു. മലയാളത്തിന് തീരാനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒരു സഹോദരനെയാണ് നഷ്ടമായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു.
മലയാള കാവ്യസാഹിത്യത്തിലെ നിറസാന്നിദ്ധ്യമായിരുന്നു ഒഎന്‍വിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു.
ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരുപാട് രചനകള്‍ സമ്മാനിച്ച ഒഎന്‍വിയുടെ വിയോഗം മലയാള സാഹിത്യത്തിന് തീരാനഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.