ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ അഫ്സല് ഗുരു അനുസ്മരണം ആസുത്രണം ചെയ്ത ഇടത് വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് മുന്‍പും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിയാണെന്നതിന് തെളിവുകള്‍. ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റുകളും, ട്വീറ്റുകളും വിരല്‍ചൂണ്ടുന്നത് ഇസ്ലാമിക മതമൗലികവാദികളും ഇടതുപ്രസ്ഥാനങ്ങളും തമ്മിലുളള ബന്ധത്തിലേക്കാണ്.
ഭാരതീയ ജനാധിപത്യത്തിന്റെ ശ്രീകോവിലിന് നേരെ ആക്രമണം സംഘടിപ്പിച്ച അഫ്സല് ഗുരുവിനെ പ്രകീര്‍ത്തിച്ച് ജെഎന്‍യുവില്‍ നടന്ന ദേശവിരുദ്ധ കൂട്ടായ്മയുടെ പ്രധാന സംഘാടകനാണ് ഉമര്‍ ഖാലിദ്. ഭാരതത്തിന്റെ തകര്‍ച്ച ഉറപ്പാക്കും വരെ സമരരംഗത്ത് തുടരുമെന്നാണ് ഉമര്‍ ഖാലിദ് ഉള്‍പ്പടെയുളള ജെഎന്‍യുവിലെ ഇടതുവിദ്യാര്‍ത്ഥി നേതാക്കളുടെ പ്രഖ്യാപനം.
തികഞ്ഞ ഇന്ത്യാവിരുദ്ധ നിലപാടുകള്‍ നിറഞ്ഞതാണ് ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റുകളും ട്വീറ്റുകളും അധികവും. ഇടതുപക്ഷ പ്രസ്ഥാനങ്ങളും, തീവ്രവാദ സംഘടനകളും തമ്മിലുളള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറ്റൊരു ഉദാഹരണമായി മാറുകയാണ് ഹൂറിയത്തിന്റെ ആശയങ്ങള്‍ പിന്തുടരുന്ന ഉമര്‍ ഖാലിദ്. പാര്‍ലമെന്റ് ആക്രമണത്തെ, കശ്മീരികളുടെ സ്വാതന്ത്ര്യമോഹത്തിന്റെ സ്വാഭാവിക പ്രതികരണമായി ചിത്രീകരിക്കാനാണ് വിഘടനവാദ കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്ന ഉമര്‍ ഖാലിദ് ശ്രമിച്ചത്.
ഭരണകൂട ഭീകരത, ദളിത് പ്രശ്നം, മനുഷ്യാവകാശം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തി, ഇതിന്റെ മറപിടിച്ച് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന രീതിയാണ് ഉമര്‍ ഖാലിദും പിന്തുടരുന്നത്. പാര്‍ലമെന്റ് ആക്രമണത്തെ ന്യായീകരിക്കുമ്പോള്‍ തന്നെ, മന്ത്രിമാര്‍ക്ക് നല്കുന്ന സുരക്ഷയേയും കശ്മീരില്‍ നിന്നുളള വിദ്യാര്‍ത്ഥി നേതാവ് ചോദ്യം ചെയ്യുന്നു. രോഹിത് വെമുലയുടെ ആത്മഹത്യയക്കുറിച്ചും, ഭാരതത്തിലെ മുസ്ലീങ്ങളുടെ മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ചും വാചാലനാകുന്ന ഇയാള്‍, ആഗോള ഭീകരവാദത്തിന് ചുക്കാന്‍ പിടിക്കുന്ന ഐഎസും അല്‍ഖൊയ്ദയും ഉള്‍പ്പടെയുളള സംഘടനകള്‍ക്കെതിരെ ഒരക്ഷരം പോലും മിണ്ടാന്‍ തയ്യാറാകുന്നില്ല.
ജെഎന്‍യു വിഷയത്തില്‍, ഒരുദേശീയ ചാനലിന്റെ ചര്‍ച്ചയ്ക്കിടെ അവതാരകന്റെ ചോദ്യത്തിന് ഉത്തരം കിട്ടാതെ പതറുന്ന ഉമര്‍ ഖാലിദിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു.